ഇളയ ദളപതി വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതിനു പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്. ട്വിറ്ററില്‍ ‘വി സ്റ്റാന്‍ഡ് വിത്ത് വിജയ്’ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുന്നു. ബിഗില്‍ എന്ന സിനിമയുടെ സാമ്പത്തിക ഇടപാടുകളില്‍ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടികാണിച്ചാണ് നടനെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തിരുന്നു. വിജയ്‌യുടെ ചെന്നൈയിലുള്ള വീടുകളിലും, സാലിഗ്രാമത്തും, നീലാങ്കരയിലുമുള്ള വസതികളിലും കഴിഞ്ഞ ദിവസം തിരച്ചില്‍ നടത്തിയിരുന്നു. ബിഗില്‍ എന്ന ചിത്രം നിര്‍മ്മിച്ച എജിഎസ് എന്റര്‍ടെയ്ന്‍മെന്റിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡും ചോദ്യം ചെയ്യലും നടക്കുന്നത്. നടന്‍ വിജയിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ട് 24 മണിക്കൂറോളമാകുന്നു. വിജയിന്റെ ഭാര്യ സംഗീതയെയും ഇപ്പോള്‍ ചോദ്യം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതേ സമയം സോഷ്യല്‍ മീഡിയയില്‍ വിജയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തുന്നത്. നാല് ലക്ഷത്തിലധികം ട്വീറ്റുകളാണ് വീ സ്റ്റാന്‍ഡ് വിത്ത് വിജയ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ അഞ്ചാമത് എത്തിയിരുന്നു ഈ ഹാഷ്ടാഗ്. വിജയ്ക്ക് പിന്തുണയുമായി ആയിരക്കണക്കിന് ആളുകളാണ് ഓരോ മണിക്കൂറിലും ട്വീറ്റ് ചെയ്യുന്നത്. ബിജെപിയെ വെല്ലുവിളിച്ച് സിനിമാ സീനുകളും ട്രോളുകളും ട്വീറ്റ് ചെയ്യപ്പെടുന്നുണ്ട്. ഇതിനു മുന്‍പും മെര്‍സൽ സിനിമ ഇറങ്ങിയതിനു പിന്നാലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നുവെങ്കിലും തെളിവൊന്നും ലഭിച്ചിരുന്നില്ല.