മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കില്‍പ്പെട്ടു കഷ്ടപ്പെടുന്നവര്‍ ഏറെയാണു നമ്മുടെ നാട്ടില്‍. പത്തോ പതിനഞ്ചോ മിനിറ്റുകളല്ല.. രണ്ടും മൂന്നും മണിക്കൂര്‍ നേരം തുടര്‍ച്ചയായി ട്രാഫിക് ബ്ലോക്കില്‍ പെട്ടു പോകുന്നവരാണു യാത്രക്കാരില്‍ ഏറെയും. നിത്യേനയുള്ള നഗരത്തിലെ മടുപ്പിക്കുന്ന യാത്രകള്‍.. ഗതാഗതക്കുരുക്കുകള്‍ മാത്രമല്ല അസഹനീയമായ ശബ്ദങ്ങളും, യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരെ പോലും വെറുപ്പിക്കുന്നുണ്ട്. നിന്നിടത്തു നിന്നു അനങ്ങാന്‍ ആവാതെ മണിക്കൂറുകളോളം വഴിയില്‍ കാത്തുനില്‍ക്കേണ്ടി വരുന്ന അവസ്ഥയും വാഹനങ്ങളുടെ നീണ്ട ഹോണും മലയാളികള്‍ക്കു സുപരിചിതം. എന്നാല്‍ യാത്രാക്ലേശം പതിവായതോടെ പലര്‍ക്കും ആ ബുദ്ധിമുട്ടുകള്‍ ശീലമായി മാറി. ആ പ്രശ്നങ്ങളെ കണ്ടില്ലെന്ന ഭാവത്തില്‍ പലരും മുന്നോട്ട് സഞ്ചരിച്ചു.
എന്നാല്‍ യാത്രാക്കുരുക്കുകളും അമിതമായ ശബ്ദ കോലാഹലങ്ങളും വിഷാദരോഗത്തിനും ഉറക്കമില്ലായ്മയ്ക്കുമുള്ള മരുന്നുകളുടെ ആവശ്യക്കാരുടെ എണ്ണം കൂട്ടുകയാണെന്നു കണ്ടെത്തിയിരിക്കുന്നു. ഗതാഗതക്കുരുക്കും വാഹനങ്ങളുടെ ശബ്ദവും മാത്രമല്ല ടിവിയുടെയും ശബ്ദം വില്ലനാകുന്നുണ്ട്. ശബ്ദമലിനീകരണത്തെ ഗൗരവത്തോടെ കാണുന്നില്ല. ശബ്ദമലിനീകരണമുണ്ടാക്കുന്ന ശബ്ദങ്ങളെ ഒഴിവാക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ നടപടികളൊന്നും എടുക്കുന്നുമില്ലെന്നും പഠനം നടത്തിയ ഡോ.ബെര്‍ണി ക്രൗസ് പറയുന്നു.
അമിതമായ ശബ്ദങ്ങള്‍ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങളെ മറികടക്കാന്‍ ഭൂരിപക്ഷം ആളുകളും ഉറക്കഗുളികയെയാണു ആശ്രയിക്കുന്നത്. ദേഷ്യവും മാനസികസംഘര്‍ഷങ്ങളും വര്‍ധിക്കുന്നതിനും ഗതാഗതക്കുരുക്കും അമിതമായ ശബ്ദങ്ങളും കാരണമാകുന്നുണ്ട്. തുടര്‍ച്ചയായ ശബ്ദങ്ങള്‍ മാത്രമേ അപകടകരമാകുന്നുള്ളൂവെന്നാണു പലരുടെയും ധാരണ. എന്നാല്‍ ഒരു പരിധിയില്‍ കവിഞ്ഞ ശബ്ദങ്ങള്‍ മനുഷ്യരെ മോശമായി ബാധിക്കുന്നുണ്ട്.
നിത്യവും ശബ്ദമലിനീകരണത്തിന്‍റെ ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ പോലും അതുമായി താദാത്മ്യം പ്രാപിച്ചു കഴിഞ്ഞു. പലരും അത്തരം പ്രശ്നങ്ങളെ നേരിടുന്നതിനാണു അമിതമായ ഉറക്കഗുളികകളെ ആശ്രയിക്കുന്നത്. ഗതാഗതക്കുരുക്കും ശബ്ദമലിനീകരണവും ദേഷ്യവും സംഘര്‍ഷങ്ങളും വര്‍ധിക്കുന്നതിനു കാരണമായിട്ടുണ്ട്. വിഷാദരോഗത്തിനുള്ള മരുന്നുകള്‍ വാങ്ങുന്നവരുടെയും എണ്ണം വര്‍ധിച്ചിട്ടുള്ളതായി കണക്കുകള്‍ പറയുന്നു.
അമിതമായ ശബ്ദങ്ങളൊന്നും മനുഷ്യരെ ബാധിക്കുന്നില്ലെന്നാണു പലരുടെയും ധാരണ. ശബ്ദമലിനീകരണം ബ്ലഡ് പ്രഷര്‍ കൂട്ടുന്നതിനും കാരണമാകുന്നുണ്ടെന്നും പഠനം പറയുന്നു. പൊതുജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പ്രശ്നമാണിത്. ഗൗരവത്തോടെ കാണണമെന്നും പരിഹാരം തേടണമെന്നും പറയുന്നു യാലേ യൂണിവേഴ്സിറ്റിയിലെ ബെര്‍ണി ക്രൗസ്.