നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളില്‍ ഒന്നു പോലും പൂര്‍ണ്ണമായും നേടാനായില്ലെന്ന് മാത്രമല്ല ബുദ്ധിമുട്ടുകള്‍ ധാരാളമാണുതാനും. ബാങ്കുകളിലെത്തിയ സംശയകരമായ അക്കൗണ്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തിലധികം വേണമെന്നാണ് നികുതി വകുപ്പ് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ നവംബര്‍ എട്ടിന് ഉച്ചയ്ക്ക് പ്രതിരോധസേനാ മേധാവികളുടെയും വൈകിട്ട് ഏഴ് മണിക്ക് മന്ത്രിസഭയുടെയും അടിയന്തര യോഗം വിളിച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എട്ടുമണിക്ക് 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. കൈയ്യിലുള്ള നോട്ടുകള്‍ ഒറ്റ രാത്രി കൊണ്ട് അസാധുവായി. ഇവ ബാങ്കില്‍ നിക്ഷേപിക്കാനോ മാറ്റിയെടുക്കാനോ അവസരം നല്കി. 2000ന്റെയും 500ന്റെയും പുതിയ നോട്ടുകള്‍ പുറഞ്ഞിറങ്ങി.
നോട്ട് നിരോധനം നരേന്ദ്ര മോദി പ്രഖ്യാപിക്കുമ്പോള്‍ ആകെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായിരുന്നത് 17.7 ലക്ഷം കോടി രൂപയുടെ കറന്‍സി നോട്ടുകളായിരുന്നു. ഇതില്‍ 15.20 ലക്ഷം കോടിയും 500ന്റെയും 1000ന്റെയും നോട്ടുകളായിരുന്നു. റിസര്‍വ്വ് ബാങ്ക് തിരിച്ചെത്തിയ നോട്ടുകള്‍ ഇതുവരെയും എണ്ണി തീര്‍ത്തിട്ടില്ല.
എങ്കിലും സെപ്തംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 5,67,000 കോടി രൂപയുടെ 1000 രൂപാ നോട്ടുകളും 5,24,000 കോടി രൂപയുടെ 500 രൂപ നോട്ടും എണ്ണിക്കഴിഞ്ഞു. അസാധുവായതില്‍ 90 ശതമാനം നോട്ടും തിരിച്ചെത്തിയെന്നാണ് കണക്ക്. ഇതില്‍ സംശയകരമായ അക്കൗണ്ടുകള്‍ എല്ലാം പരിശോധിച്ച് നികുതി ഈടാക്കാന്‍ രണ്ട് വര്‍ഷം വേണം. ഇതു പൂര്‍ത്തിയായാലും പരമാവധി വരുമാനം 40,000 കോടിക്ക് മേലില്‍ പോകില്ല. ഭീകരവാദ സംഘടനകളുടെ പണസ്രോതസ് ആദ്യം അടഞ്ഞെങ്കിലും കശ്മീരിലെ ഭീകരവാദത്തിന് അറുതിയില്ല. ഡിജിറ്റല്‍ പണമിടപാട് കൂട്ടുക എന്ന ലക്ഷ്യം മാത്രം ഒരു പരിധിവരെ കൈവരിച്ചു.