ഷീല ദീക്ഷിതിന്റെ നേതൃത്വത്തിൽ തുടർച്ചയായി പതിനഞ്ചു വർഷം ഡൽഹി ഭരിച്ചതിന്റെ ചരിത്രമോ പാരമ്പര്യമോ കോൺഗ്രസ്സിനെ തുണച്ചില്ല .ആം ആദ്മി പാർട്ടി ഭരണകക്ഷിയും ബി ജെ പി പ്രതിപക്ഷവുമാണ് ദില്ലിയിൽ .കോൺഗ്രസിന്റെ റോളെന്താണെന്നു മാത്രം ആർക്കുമറിയില്ല .കോൺഗ്രസ്സിനെ ഒരു മോശപ്പെട്ട പാർട്ടിയായി ജനങ്ങൾക്ക് മുൻപിൽ ചിത്രീകരിച്ചത് അണ്ണാ ഹസാരെയും,അരവിന്ദ് കെജ്രിവാളുമാണ് .തുടർന്ന് ഒരു രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കി അരവിന്ദ് കെജ്രിവാൾ നേട്ടം കൊയ്‌തു . ഷീലാദീക്ഷിത്തിന്റെ കാലത്തു രണ്ടായിരത്തിമൂന്നിൽ നാൽപ്പത്തിഒൻപതു  ശതമാനം വോട്ടുനേടിയ കോൺഗ്രസിന്റെ വോട്ടിങ് ശതമാനം  ഇപ്പൊ പത്തുശതമാനത്തിലും താഴെയായി .അജയ് മാകാന് ഇനിയൊരങ്കത്തിനുള്ള ബാല്യമില്ല .അരവിന്ദർ സിങ് ലാവ്‌ലി  മികച്ച പ്രാസംഗികനും നേതാവുമാണെങ്കിലും ഇടക്കാലത്തു ബി ജെ പിയിലേക്ക് പോയതാണ്, ഇപ്പൊ കോൺഗ്രസ്സിൽ  തിരിച്ചെത്തിയെങ്കിലും പഴയതുപോലെ സ്വീകാര്യനല്ല .ആപ്പിൽ നിന്നും അൽകാ ലാംബ ഇപ്പൊ കോൺഗ്രസ്സിൽ വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. സംസ്ഥാനത്തു കോൺഗ്രസിനെ നയിക്കാൻ പ്രാപ്തിയുള്ള ഒരു നേതാവിന്റെ അഭാവം പ്രകടമാണ് .

കോൺഗ്രസ്സിന്റെ അടിസ്ഥാന വോട്ടുകളിൽ തന്നെയാണ് ആം ആദ്മി പാർട്ടി കത്തി വച്ചിരിക്കുന്നത് .ന്യുനപക്ഷം ബി ജെ പിയെ തോൽപ്പിക്കാൻ കഴിയുന്ന പാർട്ടിക്ക് പിന്നിൽ അണിനിരക്കും .കോൺഗ്രസ് തന്നെ വേണം എന്നവർക്ക് യാതൊരു നിർബന്ധവുമില്ല .ഒരു കാര്യം തീർച്ചയാണ് ആം ആദ്മി പാർട്ടിയുടെ പതനത്തിലൂടെ മാത്രമേ ഇനി കോൺഗ്രസിന് ഡൽഹിയിൽ ഒരു തിരിച്ചുവരവുണ്ടാകൂ .അങ്ങനെ ഉള്ള സാഹചര്യം നിലനിൽക്കുമ്പോൾ ബി ജെ പി ജയിക്കാതിരിക്കാൻ എല്ലാ വിട്ടുവീഴ്ചകളും ചെയ്ത് ആം ആദ്മി പാർട്ടിക്ക് വിജയമൊരുക്കാൻ വേണ്ടതെല്ലാം ചെയ്തുകൊടുക്കണം എന്നതായിരുന്നു കോൺഗ്രസ് ഹൈക്കമാണ്ടിന്റെ നിലപാട്. സോണിയയുടെ പൊതുയോഗം അവരുടെ അനാരോഗ്യം കൊണ്ട് മാറ്റിവച്ചതാണെങ്കിൽ രാഹുലിന്റെയും പ്രിയങ്കയുടെയും അവസാനഘട്ട പ്രചാരണങ്ങൾ മാറ്റിവച്ചത് സെക്കുലർ വോട്ടുകൾ കോൺഗസ്സിനും ആം ആദ്മി പാർട്ടിക്കുമായി വിഘടിച്ചു പോകാതിരിക്കാനാണത്രെ .ബി ജെ പിയുടെ പരാജയം ഉറപ്പിക്കാനായി ആം ആദ്മി പാർട്ടിയുടെ വിജയമുറപ്പിക്കാനിറങ്ങിയ കോൺഗ്രസ് ആണ് ആം ആദ്മി പാർട്ടിയുടെയും ബി ജെ പിയുടെയും ഭാഗ്യം .