കമല്‍ഹാസന്‍ നായകനാകുന്ന പുതിയ ചിത്രമായ ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് അപകടം ഉണ്ടായത്. ഷൂട്ടിങ്ങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണായിരുന്നു അപകടം. സാങ്കേതിക പ്രവര്‍ത്തകരായ മൂന്ന് പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. സഹസംവിധായകനായ കൃഷ്ണന്‍ (34), മധു (29), ചന്ദ്രന്‍ (60) എന്നിവരാണ് മരിച്ചത്. പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പൂനമല്ലിയിലുള്ള ഇവിപി ഫിലിം സിറ്റിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ ബുധനാഴ്ച രാത്രി 9.30 നാണ് അപകടം ഉണ്ടായത്. അപകട സമയത്ത് നടന്‍ കമല്‍ഹാസന്‍ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ട മൂന്നു പേരുടെ മൃതദേഹം സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. നസാറത്‌പേട്ട് പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി കമല്‍ഹാസന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. മൂന്ന് സഹപ്രവര്‍ത്തകരെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. തന്റെ വേദനയെക്കാള്‍ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതിനും ഏറെയാണ്. അവരില്‍ ഒരാളായി അവര്‍ക്കൊപ്പമുണ്ടെന്നും ആ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നുമാണ് കമല്‍ഹാസന്‍ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. മുന്‍പ് ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ തുര്‍ഭാഗമാണ് ഇന്ത്യന്‍ 2. ഇതിന്റെ ഭാഗമായാണ് ചിത്രീകരണം നടന്നത്. അതിനിടയില്‍ ഈ ദുരന്തം സംഭവിച്ചതിന്റെ ഞെട്ടലിലാണ് സിനിമ ലോകം.