സോള്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെ അനുരഞ്ജന സാധ്യതകള്‍ തള്ളിയും ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തിയും ഉത്തരകൊറിയ രംഗത്ത്.

സഖ്യരാജ്യമായ ജപ്പാനിലേക്കാണ് ആദ്യ യാത്ര. രണ്ടു ദിവസം ഇവിടെ തങ്ങുന്ന അദ്ദേഹം ചൊവ്വാഴ്ചയോടെ ഉത്തരകൊറിയയുടെ അയല്‍രാജ്യമായ ദക്ഷിണകൊറിയയിലെത്തും. ഇതിനിടെയാണ് അനുരഞ്ജന സാധ്യത തള്ളിയും ഭീഷണി ശക്തിപ്പെടുത്തിയും ഉത്തരകൊറിയയുടെ രംഗപ്രവേശം. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കടുത്ത വാക്‌പോര് തുടരുന്ന ട്രംപ് അയല്‍രാജ്യത്തെത്തുന്നത് ഉത്തരകൊറിയ എപ്രകാരം സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. ദക്ഷിണകൊറിയയിലെ ഒരു വിഭാഗം ജനങ്ങളാകട്ടെ, കടുത്ത ആശങ്കയിലും.

ഈ ആശങ്ക ശക്തമാക്കിയാണ് പ്രശ്‌നപരിഹാര സാധ്യതകള്‍ തള്ളി ഉത്തരകൊറിയ രംഗത്തെത്തിയത്. രാജ്യാന്തര സമ്മര്‍ദ്ദത്തിനും ഉപരോധങ്ങള്‍ക്കും വഴങ്ങി ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന വിശ്വാസം വെറും തോന്നല്‍ മാത്രമാണെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്താക്കി. ഉത്തരകൊറിയയുടെ ആണവപ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം ട്രംപ് സോളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കടുത്ത ആശങ്കയിലാണ് ദക്ഷിണകൊറിയയിലെ ഒരു വിഭാഗം ജനങ്ങള്‍. കൊറിയന്‍ മുനമ്പിനെ അനാവശ്യ സമ്മര്‍ദ്ദങ്ങളിലേക്കും യുദ്ധ ഭീതിയിലേക്കും തള്ളിവിടുന്നത് ട്രംപ് ആണെന്ന് ആരോപിച്ച് അഞ്ഞൂറോളം ആളുകള്‍ സോളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. അതേസമയം, ട്രംപിനെ അനുകൂലിക്കുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തും പ്രകടനം നടത്തിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.