ടോം ക്രൂസ് നായകനായെത്തുന്ന മിഷന്‍ ഇംപോസിബിള്‍ 7 ഷൂട്ടിംഗ്  കൊറോണ വൈറസ് ആശങ്കയില്‍ നിര്‍ത്തിവച്ചു. ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന ഷൂട്ടിംഗ് ആണ് മൂന്ന് ആഴ്ചത്തേയ്ക്ക് നിര്‍ത്തിവച്ചതെന്ന് നിര്‍മ്മാതാക്കളായ പാരമൗണ്ട് പിക്‌ചേഴ്‌സ് അറിയിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ ഇതുവരെ 300 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 11 പേര്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു. മിഷന്‍ ഇംപോസിബിളിന്റെ ഷൂട്ടിംഗ് നടന്ന വെനീസിലും മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിതീകരിച്ചിരുന്നു. ഈ ഒരു സാഹചര്യത്തില്‍ പ്രൊഡക്ഷന്‍ ആരംഭിക്കുന്നതു വരെ ക്രൂവ് അംഗങ്ങളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കുകയാണെന്ന്  നിര്‍മ്മാതാക്കള്‍ പറഞ്ഞു. അടുത്ത വര്‍ഷം ജൂലായ് 23 നാണ് മിഷന്‍ ഇംപോസിബിള്‍ ഏഴാം ഭാഗം റിലീസ് ചെയ്യുന്നത്. സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്.