ബ്ലസ്സിയുടെ സ്വപ്ന പദ്ധതിയായ ആടുജീവിതത്തിലെ നായകനായ പൃഥി ഇന്ത്യവിട്ടിരിക്കുകയാണ്. ചിത്രത്തിനായി അമ്പരിപ്പിക്കുന്ന മേക്കോവറാണ് പൃഥിരാജ് നടത്തിയിരിക്കുന്നത്. പൂര്‍ണ്ണമായി കഥാപാത്രമായി മാറുന്നതിനുവേണ്ടിയാണ് താന്‍ പോകുന്നതെന്ന് അദ്ദേഹം  വ്യക്തമാക്കിയിരുന്നു. വിദേശത്തേക്ക് പോകുന്നതിന് മുമ്പുള്ള പൃഥിയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ എവിടെക്കാണ് താന്‍ പോകുന്നതെന്ന് താരം വ്യക്തമാക്കിയിട്ടില്ല. അടുത്ത സുഹൃത്തുക്കള്‍ക്കു പോലും അക്കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം താന്‍ രാജ്യം വിടുകയാണെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം അറിയിച്ചത്. ഒരു കുറിപ്പും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ” രണ്ട് കാരണങ്ങളാല്‍ ഈ രാജ്യം ഇന്ന് വിടുകയാണ്. തനിക്ക് വേണ്ടി കുറച്ച് സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നു. അതായത് സിനിമയുടെ ഷെഡ്യൂള്‍ ആരംഭിക്കുന്നതിനുമുമ്പായി  കുറച്ച് സമയം. ഈയൊരു മാറ്റത്തിന്‍രെ അവസാനഘട്ടം, ഇനി സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോള്‍ മാത്രം നിങ്ങള്‍ കാണേണ്ട ഒന്നാണെന്നു കരുതുന്നു. അതെ, ബ്ലെസി ചേട്ടനോട് വാഗ്ദാനം ചെയ്തതുപോലെ, അതിലും മുഖ്യമായി താന്‍ സ്വയം വാഗ്ദാനം ചെയ്തതുപോലെ, സര്‍വ്വസവും നല്‍കുന്നുവെന്നും” പൃഥി കുറിച്ചിരിക്കുന്നു.