സംസ്ഥാന ഭരണകൂടം മുന്നോട്ട് വച്ച ജാഗ്രത നിര്‍ദ്ദേശങ്ങളുടെ ഭാഗമായി തിയേറ്ററുകള്‍ മാര്‍ച്ച് 31 വരെ അടച്ചിടും. ഇതോടെ ഇപ്പോള്‍ തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളുടേതുള്‍പ്പെടെ റിലീസിനൊരുങ്ങുന്നവയുടെ ഭാവി അനിശ്ചിതത്വത്തില്‍ ആയിരിക്കുകയാണ്. ആളുകള്‍ കൂടിച്ചേരുന്നതിനുള്ള അവസരം ഒഴിവാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിച്ചത്. മലയാള സിനിമാ വ്യവസായത്തിനു മാത്രമല്ല കൊറോണ നഷ്ടമുണ്ടാക്കുന്നത്. ചൈന, കൊറിയ എന്നിവിടങ്ങളിലായി 7000ത്തോളം തിയേറ്ററുകളാണ് കൊറോണ പടര്‍ന്നു പിടിച്ചതോടെ അടച്ചിട്ടത്. യൂറോപ്പ്, ഏഷ്യ തുടങ്ങി ഒട്ടുമിക്ക ഭൂഖണ്ഡങ്ങളിലും കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സിനിമാ വ്യവസായം ഉള്‍പ്പെടെ നിരവധി വ്യവസായങ്ങളുടെ സ്ഥിതി കൂടുതല്‍ വഷളാകുമെന്നാണ് കണക്കുകൂട്ടുന്നത്. കേരളത്തില്‍ നിലവില്‍  കൊറോണ 12 പേര്‍ക്കാണ് സ്ഥിരീകരിച്ചിട്ടുള്ളത്.