ന്യൂഡല്‍ഹി: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകനെതിരെയുള്ള ആരോപണത്തിന് തൊട്ടുപിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മകന്‍ നടത്തിപ്പുകാരനായ ഇന്ത്യ ഫൗണ്ടേഷനെന്ന സംഘടനയ്ക്ക് വിദേശ കമ്പിനിയില്‍ നിന്ന് സഹായം ലഭിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതോടെ ബി.ജെ.പിയും കേന്ദ്ര സര്‍ക്കാരും വെട്ടിലായി.

ഡോവലിന്റെ മകന്‍ ശൗര്യ ഡോവലും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവുമാണ് മുഖ്യ നടത്തിപ്പുകാര്‍. പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍, കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, ജയന്ത് സിന്‍ഹ, എം.ജെ. അക്ബര്‍ എന്നിവര്‍ ഡയറക്ടര്‍മാരായ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന സംഘടനയ്ക്കു വിദേശ ആയുധ, വിമാന കമ്പനികളില്‍നിന്നു സംഭാവന ലഭിക്കുന്നുവെന്നതാണു വയറെന്ന ദേശീയ മാധ്യമത്തിന്റെ മുഖ്യ ആരോപണം.
ഇന്ത്യ ഫൗണ്ടേഷന്‍ എന്നത് പഠന ഗവേഷണ കേന്ദ്രമാണ്.

ബിജെപി അധികാരത്തില്‍ എത്തിയതോടെ രാജ്യത്തെ ഏറ്റവും ശക്തമായ ഗവേഷണ ചര്‍ച്ചാ വേദികളിലൊന്നായി ഇത് മാറി.

ഇന്ത്യ ആയുധ ഇടപാടുകള്‍ നടത്തുന്ന കമ്പനികളില്‍നിന്നും ഇന്ത്യന്‍ ഫൗണ്ടേഷന്‍ സംഭാവനകള്‍ സ്വീകരിക്കുന്നു, മന്ത്രിസഭയിലെ അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘടന ഇത്തരത്തില്‍ സംഭാവനകള്‍ സ്വീകരിക്കുന്നത് ഗൗരവകരമാണെന്ന് ദേശീയ മാധ്യമത്തിന്റെ ലേഖനത്തില്‍ പറയുന്നു.
ഫൗണ്ടേഷന്റെ സെമിനാറുകളില്‍ ചിലത് സ്‌പോണ്‍സര്‍ ചെയ്തത് ബോയിങ് കമ്പനിയാണ്. ബോയിങ്ങില്‍നിന്ന് 111 വിമാനങ്ങള്‍ വാങ്ങാനുള്ള 70,000 കോടിയുടെ ഇടപാടു സംബന്ധിച്ചു സിബിഐ അന്വേഷണം നടക്കുകയാണ്. ബോയിങ്ങില്‍ നിന്ന് സംഭാവന വാങ്ങുന്ന ഇന്ത്യ ഫൗണ്ടേഷന്റെ ഡയറക്ടര്‍മാരില്‍ ഒരാള്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹയാണെന്നത് ദുരൂഹമാണ്. ആയുധ വ്യോമയാന കമ്പനികള്‍ക്കു പുറമെ വിദേശ ബാങ്കുകളും സംഭാവന നല്‍കിയിട്ടുണ്ട്.

കോണ്‍ഫറന്‍സുകളും ജേണലുകളില്‍ പ്രസിദ്ധികരിക്കുന്ന പരസ്യവുമാണ് പ്രധാന വരുമാനമാര്‍ഗമെന്ന് ശൗര്യ പറയുന്നു. എന്നാല്‍, ജേണലുകള്‍ക്ക് പരസ്യം കുറവാണെന്നും വയര്‍ ആരോപിക്കുന്നു.