രാഷ്ട്രീയത്തില്‍ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍. തനിക്ക് സര്‍ക്കാരിന്റെ തലപ്പത്തേക്കു വരാനോ നിയമസഭയില്‍ ഇരിക്കാനോ താല്‍പ്പര്യമില്ല. മുഖ്യമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച രാവിലെ ചൈന്നൈ രാഘവേന്ദ്ര കല്യാണ മണ്ഡപത്തില്‍ മക്കള്‍ മന്‍ട്രം ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിനു ശേഷമായിരുന്നു രജനിയുടെ പ്രസ്താവന. തമിഴ് രാഷ്ട്രീയത്തിലെ മാറ്റമാണ് തന്റെ ലക്ഷ്യം. പാര്‍ട്ടിക്കു കീഴില്‍ പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്കും മറ്റുള്ളവര്‍ക്കും അവസരമൊരുക്കും. പാര്‍ട്ടിയില്‍ നേതാക്കള്‍ കുറവായിരിക്കും. മറ്റു പാര്‍ട്ടികളില്‍ പുതുമുഖങ്ങള്‍ക്കു നേതൃത്വത്തില്‍ അവസരങ്ങള്‍ ലഭിക്കുന്നില്ല. തന്റെ പാര്‍ട്ടിയില്‍ നേതാക്കളിൽ വിദ്യാഭ്യാസ യോഗ്യതയും, പ്രായപരിധിയും ഏര്‍പ്പെടുത്തുമെന്നും രജനികാന്ത് പറഞ്ഞു.മുൻപ് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ രണ്ട് അതികായരാണുണ്ടായിരുന്നത്, ഇപ്പോൾ ആ വിടവ് ദൃശ്യമാണ്. മാറ്റത്തിനായി ഒരു പുതിയ മുന്നേറ്റം അനിവാര്യമാണെന്നും രജനി പറഞ്ഞു. പാര്‍ട്ടി തലപ്പത്തിരിക്കാൻ മാത്രമാണ് താന്‍ ആഗ്രഹിക്കുന്നത്, അല്ലാതെ മറ്റു സ്ഥാനമാനങ്ങള്‍ എന്റെ ചിന്തയിലില്ല. വിരമിച്ച ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരോട് രാഷ്ട്രീയത്തില്‍ ഇറങ്ങാനും രജനി ആഹ്വാനം ചെയ്തു. 2017 ഡിസംബര്‍ 31 നാണ് രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ രജനിയുടെ മക്കള്‍ മൻട്രം മത്സരരംഗത്തുണ്ടാകുമെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്.