കൊച്ചി: വീട്ടുതടങ്കലില്‍ കഴിയ ഹാദിയയെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ ഇന്ന് വീട്ടിലെത്തി സന്ദര്‍ശിക്കും. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന കമ്മീഷന്‍ സംസ്ഥാന പോലീസ് മേധാവിയുമായും കമ്മീഷന്‍ കൂടിക്കാഴ്ച നടത്തും.

ഇന്ന് ഉച്ചയ്ക്ക് 12.30ന് വൈക്കത്തുള്ള വീട്ടിലെത്തി ഹാദിയയെ സന്ദര്‍ശിക്കും. ഹാദിയയുടെ വീട് സന്ദര്‍ശിച്ച ശേഷം തിരുവനന്തപുരത്തെത്തുന്ന രേഖ നാളെ നിമിഷയുടെ അമ്മയെ കാണും. മകളുടെ തിരോധാനം സംബന്ധിച്ച് നിമിഷയുടെ അമ്മ ബിന്ദു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നേരിട്ട് അവരുടെ പ്രതികരണം തേടുന്നത്.

ആരുടെയും പരാതിയെ തുടര്‍ന്നല്ല തന്റെ കേരള സന്ദര്‍ശനം. എന്നാല്‍, ഹാദിയ, നിമിഷ തുടങ്ങിയ സംഭവങ്ങള്‍ വാര്‍ത്തയില്‍ നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് തീരുമാനമെന്നും രേഖ ശര്‍മ അറിയിച്ചു. ഹാദിയയുടെയും മാതാപിതാക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.

നിര്‍ബന്ധിത മതം പരിവര്‍ത്തനം നടക്കുന്നുവെന്ന് ആരോപണം ഉയര്‍ന്ന തൃപ്പൂണിത്തുറയിലെ യോഗ സെന്ററിലും കമ്മീഷന്‍ സന്ദര്‍ശനം നടത്തും. എന്നാല്‍ പരാതിക്കാരായ പെണ്‍കുട്ടികളെ ഇത്തവണ സന്ദര്‍ശിക്കില്ലെന്നും കമ്മീഷന്‍ അറിയിച്ചു.