തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ കഴിയുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ഉണ്ടായേക്കുമെന്ന് സൂചന. ഇന്ന് രാവിലെ മന്ത്രിക്കെതിരെയുള്ള അന്വേഷണത്തില്‍ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അഭ്യൂഹങ്ങള്‍ ഉയരുന്നത്.
തോമസ് ചാണ്ടി നടത്തിയത് കടുത്ത നിയമ ലംഘനമാണെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ട്. 2013ല്‍ സര്‍ക്കാരിന്റെ അനുമതിയില്ലാതെ മന്ത്രി റോഡ് നിര്‍മ്മിച്ചുവെന്നാണ് കളക്ടറുടെ കണ്ടെത്തല്‍. മന്ത്രിയുടെ സ്വകാര്യ റിസോര്‍ട്ടായ ലേക്ക് പാലസിലേക്ക് 2012 വരെ കരമാര്‍ഗം റോഡ് ഉണ്ടായിരുന്നില്ല. പിന്നീട് 2013ല്‍ നെല്‍വയല്‍ നികത്തിയാണ് റോഡ് നിര്‍മ്മിച്ചതെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ക്കിംഗ് സ്ഥലം തോമസ് ചാണ്ടിയുടെ അധീനതയിലുള്ളതാണ് . ജലസേചന വകുപ്പിന്റെ ഭാഗത്ത് നിന്നും ഗുരുതര നിയമലംഘനം നടന്നു. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ വസ്തുതകള്‍ പരിശോധിക്കാതെ റിപ്പോര്‍ട്ട് നല്‍കി . റോഡിന് അംഗീകാരം നല്‍കണോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.