എറണാകുളം : ഹൈബി ഈഡൻ എം.പി എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ കമ്മ്യൂണിറ്റി കിച്ചനുകളിലേക്കും നല്കുന്ന 6000 കിലോ അരിയുടെയും പയറു വർഗങ്ങളുടെയും വിതരണം ആരംഭിച്ചു. മുത്തൂറ്റ് എം ജോർജ് ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഒരു കോർപ്പറേഷനും ആറ് മുൻസിപ്പാലിറ്റികളും ഇരുപത്തി നാല് പഞ്ചായത്തുകളുമാണുള്ളത്. മുത്തൂറ്റ് എം.ജോർജ് മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ മുത്തൂറ്റിനോട് പദ്ധതി അവതരിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. ഇന്നലെ വൈപ്പിൻ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ വിതരണം ചെയ്തു. 3 ദിവസത്തിനുള്ളിൽ പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ കമ്മ്യൂണിറ്റി കിച്ചനുകളിലും സാധന സാമഗ്രികൾ എത്തിക്കാൻ സാധിക്കുമെന്ന് ഹൈബി ഈഡൻ എം.പി അറിയിച്ചു.
അത്യാവശ്യക്കാർ മാത്രം കമ്മ്യൂണിറ്റി കിച്ചനുകളെ ആശ്രയിക്കണമെന്നും, പരമാവധി അർഹതപ്പെട്ടവർക്ക് സേവനം ലഭ്യമാക്കണമെന്നും ബന്ധപ്പെട്ട അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്നും എം.പി പറഞ്ഞു.