കൊറോണാ പകരാതിരിക്കാൻ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ മുപ്പതു വരെ നീട്ടാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് പത്തു സംസ്ഥാനങ്ങൾ .ഇത് വിഷയത്തിന്റെ ഗൗരവം സൂചിപ്പിക്കുന്നു .രണ്ടാഴ്ചത്തേക്ക് നീട്ടിയ ലോക്ക്ഡൗൺ,അത് കഴിയുമ്പോൾ ഭാഗീകമായി ചില ഇളവുകൾ അനുവദിച്ചു കൊണ്ട് വീണ്ടും നീട്ടാനാണ് സാധ്യത. പ്രതിദിനം ഏകദേശം ആയിരം രോഗബാധിതരുടെ വർധനവാണ് രാജ്യം അഭിമുഖീകരിക്കുന്നത് .സുഖപ്പെട്ടു വരുന്നവരുടെ എണ്ണം അതിനാനുപാതമായി ഉയരുന്നില്ല .പലവിധ അപര്യാപ്തതകൾ ആരോഗ്യ മേഖലയിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രകടമാണ് .അതിനപവാദമായി കേരളം പോലെ ചില സംസ്ഥാനങ്ങളുമുണ്ട്. മധ്യപ്രദേശ് ,മഹാരാഷ്ട്ര ,തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ആശങ്കയുണർത്തുന്നതാണ്.
കാർഷികമേഖലയിൽ കർഷകരെ ഒരു വിധത്തിലും ലോക്ക്ഡൗൺ ബാധിക്കാതെ നോക്കണമെന്ന് കേന്ദ്ര തീരുമാനമുണ്ട് .മത്സ്യബന്ധനത്തെ കാര്യമായി ലോക്ഡൗൺ ബാധിച്ചിരുന്നു .ടൂറിസം മേഖല തകർന്നതോടെ മത്സ്യബന്ധനം പ്രധാന വരുമാനമാർഗ്ഗമായ ഗോവയ്ക്ക് മത്സ്യബന്ധനം നടത്താൻ അനുമതി കിട്ടിയത് ആശ്വാസമാകും . സമാനമായ ആവശ്യം തമിഴ്നാടും ഉയർത്തിയിട്ടുണ്ട് .കേരളത്തിൽ ചെറുകിട വള്ളങ്ങളിൽ പോയുള്ള മത്സ്യബന്ധനം അനുവദിച്ചിട്ടുണ്ട് .മഹാരാഷ്ട്രാ സർക്കാർ നിയമസഭാ സാമാജികരുടെ ഒരു വർഷത്തെ ശമ്പളത്തിന്റെ മുപ്പതു ശതമാനം പിടിക്കാൻ തീരുമാനിച്ചു .ആയിരത്തി ഇരുന്നൂറിലേറെ കോവിഡ് രോഗബാധിതരാണ് മഹാരാഷ്ട്രയിൽ ഇപ്പോഴുള്ളത് .