തിരുവനന്തപുരം : കൊറോണ വൈറസ് ലോക്ക്ഡൗൺ സമയത്ത് വർദ്ധിച്ചുവരുന്ന ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി കേരള സർക്കാർ ശനിയാഴ്ച വാട്ട്‌സ്ആപ്പ് നമ്പർ പുറത്തിറക്കി.

9400080292- എന്ന നമ്പറിൽ പരാതി നൽകാമെന്നും 24 മണിക്കൂറും സേവനം ലഭ്യമാകുമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ലോക്ക്ഡൗൺ സമയത്ത് ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന്, ഇവ തടയുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കാൻ സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.തുടർന്ന്, സ്ത്രീകൾക്കും കുട്ടികൾക്കും പരാതിപ്പെടുന്നത് എളുപ്പമാക്കുന്നതിനായി ഒരു വാട്ട്‌സ്ആപ്പ് ആപ്പ്ളിക്കേഷൻ ആരംഭിച്ചു,

ദേശീയ സേവന പദ്ധതിയുടെ സാങ്കേതിക സെല്ലിന്റെ സഹായത്തോടെ വനിതാ ശിശു വികസന ഡയറക്ടറേറ്റ് 24 മണിക്കൂർ ഹെൽപ്പ് ലൈൻ ആരംഭിച്ചു.

“അതുപോലെ, ചൈൽഡ് ലൈൻ നമ്പർ 1098 ലും വനിതാ ഹെൽപ്പ്ലൈൻ മിത്രയുടെ നമ്പർ 181 ലും പരാതി നൽകാം, ഇക്കാര്യത്തിൽ കർശന നടപടിയെടുക്കും,” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫേസ്ബുക് പേജിൽ കുറിച്ചു..

കഴിഞ്ഞ 18 ദിവസത്തിനുള്ളിൽ ദേശീയ വനിതാ കമ്മീഷന് (എൻ‌സി‌ഡബ്ല്യു) 123 ഗാർഹിക പീഡന പരാതികൾ ലഭിച്ചു.പൊരുത്തക്കേടുകൾ നിലനിന്നിരുന്ന ബന്ധങ്ങളിൽ ലോക്ക്ഡൗൺ ഉണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾ വേറെ .വരുമാനമാർഗ്ഗമടഞ്ഞതും സാമ്പത്തിക അനിശ്ചിതാവസ്ഥയും മാനസിക പിരിമുറുക്കങ്ങൾ വർധിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

മാർച്ച് 23 മുതൽ ഏപ്രിൽ 10 വരെ എൻ‌സി‌ഡബ്ല്യു വെള്ളിയാഴ്ച പങ്കിട്ട കണക്കുകൾ പ്രകാരം സ്ത്രീ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട 370 പരാതികൾ പാനലിന് ലഭിച്ചു.370 പരാതികൾ ലഭിച്ചതിൽ 123 എണ്ണവും ഗാർഹിക പീഡനമാണ്.

ഗാർഹിക പീഡന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി ദേശീയ വനിതാ കമ്മീഷൻ 7217735372– എന്ന വാട്ട്‌സ്ആപ്പ് നമ്പറും പുറത്തിറക്കിയിരുന്നു.ഓൺ‌ലൈൻ പരാതി ലിങ്കുകൾക്കും ഇമെയിലുകൾക്കും പുറമേ വാട്ട്‌സ്ആപ്പ് നമ്പറും പ്രവർത്തിക്കുന്നുണ്ടെന്ന് എൻ‌സി‌ഡബ്ല്യു പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 1.3 ബില്യൺ ആളുകളെ വീട്ടിൽ താമസിക്കാൻ ആവശ്യപ്പെട്ട ഇന്ത്യയാണ് ഇപ്പോൾ ഏറ്റവും വലിയ ലോക്ക്ഡൗണിലുള്ളത് , ഇത് വരെ 200 ഓളം പേർ മരണപ്പെടുകയും എണ്ണായിരത്തിയോളം ആളുകളെ കൊറോണാ വൈറസ് ബാധിക്കുകയും ചെയ്തു.