മലയാളികളുടെ ആരോഗ്യ ഡേറ്റ അമേരിക്കന്‍ കമ്പിനിക്കു വിറ്റൂതുലച്ച ഇടപാടിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ നിന്ന് ഒളിച്ചോടിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഉത്തരംമുട്ടി ജനങ്ങളുടെ മുന്നില്‍ അപഹാസ്യനാകുന്നത്. ഈ ഇടപാടില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിനെക്കുറിച്ച് കൂടുതല്‍ സംശയങ്ങള്‍ ജനമനസില്‍ ഉണ്ടാകുമെന്നു മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

മൂന്നു ദിവസത്തെ ഇടവേളയ്ക്കുശേഷം മുഖ്യമന്ത്രി പത്രസമ്മേളനം നടത്താന്‍ തിരിച്ചെത്തിയപ്പോള്‍ ഈ ഇടപാടിനെക്കുറിച്ചുള്ള സമഗ്രമായ വിശദീകരണമാണ് കേരളം പ്രതീക്ഷിച്ചത്. എന്നാല്‍ ഒരു മണിക്കൂര്‍ നീളുന്ന പത്രസമ്മേളനത്തില്‍ 50 മിനിറ്റിലധികവും അദ്ദേഹം പഴയ കാര്യങ്ങള്‍ ആവര്‍ത്തിച്ചു. സ്പ്രിങ്കളര്‍ ഇടപാടിനെക്കുറിച്ചും അതിലെ പുതിയ സംഭവികാസങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച മുഖ്യമന്ത്രി പഴി മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ചാരി രക്ഷപ്പെടാനാണ് ശ്രമിച്ചത്. മാധ്യമ സിന്‍ഡിക്കറ്റ് എന്നു വിളിച്ച് പത്രലോകത്തെ വീണ്ടും അപമാനിക്കുകയും ചെയ്തു. പത്രപ്രവര്‍ത്തകരുടെ വായ് മൂടിക്കെട്ടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. അഴിമതി മൂടിവയ്ക്കാനുള്ള തന്ത്രങ്ങളാണ് മുഖ്യമന്ത്രി പയറ്റിയത്. ഒട്ടകപ്പക്ഷിയെപ്പോലെ മുഖ്യമന്ത്രി തല മണ്ണില്‍ പൂഴ്ത്തിവച്ചിരിക്കുകയാണ്. പക്ഷേ ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്നു മുല്ലപ്പള്ളി പറഞ്ഞു

മുതിര്‍ന്ന നേതാക്കളെ നിരവധി തവണ അപമാനിക്കാന്‍ പത്രസമ്മേളനത്തില്‍ ദീര്‍ഘ സമയം കണ്ടെത്തിയ മുഖ്യമന്ത്രിക്ക് സ്പ്രിങ്കളിന്റെ കാര്യം വിശദീകരിക്കാന്‍ സമയമില്ലെന്നു പറയുന്നത് തികഞ്ഞ വിരോധാഭാസമാണ്. ജനങ്ങളെ ഭീതിയുടെ മുള്‍മുനിയില്‍ നിര്‍ത്തി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അതു കേരളത്തില്‍ വിലപ്പോകില്ല. പത്രസമ്മേളനത്തിനു പകരം ജനങ്ങളെ അഭിസംബോധന ചെയ്യുന്ന രീതിയായിരിക്കും മുഖ്യമന്ത്രിക്ക് ഇണങ്ങുന്നതെന്ന് മുല്ലപ്പള്ളി പരിഹസച്ചു.