തിരുവനന്തപുരം :സ്പ്രിൻക്ലർ വിഷയം ഒന്നാം റൗണ്ടിൽ സമർത്ഥമായി കൈകാര്യം ചെയ്ത് യു ഡി എഫ് പ്രത്യേകിച്ച് കോൺഗ്രസ് നിലമെച്ചപ്പെടുത്തി .കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ തന്നെ സർക്കാരിന്റെ ഭാഗത്ത് ഇത്തരത്തിലൊരു വീഴ്ച്ച സംഭവിച്ചതിന്റെ നിരാശ എൽ ഡി എഫ് കേന്ദ്രങ്ങളിൽ പ്രകടമാണ് .കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഉണ്ടാക്കിയ മെച്ചം മുഖ്യമന്ത്രി തന്നെ കളഞ്ഞു കുളിച്ചിരിക്കുന്നു.സ്പ്രിൻക്ലർ ഡാറ്റ കൈമാറ്റ ഉടമ്പടിയിന്മേൽ കോടതി ഇടപെട്ട് പൗരന്റെ അവകാശങ്ങൾ സംരക്ഷിച്ചിരിക്കുന്നു .കെ എം ഷാജിക്കുമേൽ കുതിരകയറാൻ പോയ മുഖ്യമന്ത്രി പിണറായി വിജയന് ആ വിഷയത്തിൽ കാര്യമായ പരിക്കുപറ്റി .അപ്രതിരോധമെന്നു കരുതപ്പെട്ടിരുന്ന പിണറായിയുടെ സിംഹ വ്യക്തിത്വം ചീട്ടുകൊട്ടാരം പോലെ ഷാജി തകർത്തെറിഞ്ഞു .പകവീട്ടാനെന്നപോലെ തൊട്ടുപിന്നാലെ പ്രഖ്യാപിച്ച വിജിലൻസ് കേസ് പിണറായി വിജയന് പറ്റിയ അടുത്ത അബദ്ധമായി വിലയിരുത്തപ്പെടുന്നു .സ്പ്രിൻക്ലർ വിഷയത്തിൽ കൂട്ടായ പ്രതിപക്ഷ ആക്രമണമാണ് വിജയം കണ്ടത് പി ടി തോമസ് ,ശബരിനാഥൻ ,കെ സുധാകരൻ എന്നിവർ എടുത്ത നിലപാട് കോൺഗ്രസ്സിന് ഗുണം ചെയ്‌തു .

എൽഡി എഫിന്റെ അവസ്ഥ നിലവിൽ ഇങ്ങനെയൊക്കെ ആണെങ്കിലും പോരാട്ട വിഷയങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്ന ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും പതിവ് രീതി ഇടതു കേന്ദ്രങ്ങൾക്ക് ഇക്കുറിയും ആശ്വാസം നൽകുന്നു .സ്പ്രിങ്ക്ലർ കേസിലെ ഇടക്കാല ഉത്തരവ് സർക്കാരിനെതിരെ ഉള്ള വിജയമായി വ്യാഖ്യാനിക്കാൻ യു ഡി എഫ് കേന്ദ്രങ്ങൾ കാര്യമായി മെനക്കെട്ടില്ല എന്നത് ഒരു സൂചനയായി കാണാവുന്നതാണ് .മുഖ്യമന്ത്രിയുടെ മകളുടെ എക്സലോജിക് കമ്പനിയെയും സ്പ്രിൻക്ലരുമായുള്ള അവരുടെ ബന്ധവുമൊന്നും ഇനി പ്രതിപക്ഷം ഉയർത്താൻ പോകുന്നില്ല .വിഷയം സാലറി ചലഞ്ചിലേക്കും സർക്കാരിന്റെ ധൂർത്തിലേക്കും വഴിമാറിയിട്ടുണ്ട് . ചുരുക്കിപ്പറഞ്ഞാൽ വിജയം എത്തിപ്പിടിക്കാറാകുമ്പോൾ കാലമിട്ടുടയ്ക്കുന്ന പതിവു രീതിയിൽ നിന്നും കോൺഗ്രസ്സ് മാറാൻ ഉദ്ദേശിക്കുന്നില്ല .