ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്റെ ഒരു വര്‍ഷം കള്ളപ്പണവിരുദ്ധ ദിനമായി നവംബര്‍ എട്ടിന് കേന്ദ്രസര്‍ക്കാര്‍ ആചരിക്കാനിരിക്കെ നികുതി വെട്ടിച്ചു വിദേശത്തു ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കള്ളപ്പണത്തിനെതിരെ വാദിച്ച ബിജെപിക്ക് തിരിച്ചടിയായി വ്യോമയാന വകുപ്പ് സഹമന്ത്രിയും ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനും പട്ടികയിലുണ്ട്.

ജര്‍മന്‍ പത്രമായ സെഡ്യൂസെ സിറ്റിങ്ങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയും 96 കമ്പനികളുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് തട്ടിപ്പു വെളിപ്പെട്ടിട്ടുള്ളത്.

‘പാരഡൈസ് പേപ്പര്‍’ എന്നറിയപ്പെടുന്ന പുതിയ വിവാദ രേഖയില്‍ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളും ലാവ്‌ലിന്‍ തുടങ്ങിയ കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ട്.

വ്യോമയാന വകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍.കെ. സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിവരാണു പട്ടികയില്‍ ഇടംനേടിയ പ്രമുഖര്‍.

പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്ഥാനചലനത്തിനുവരെ കാരണമായ പാനമ പേപ്പര്‍ വിവാദത്തിനു പിന്നാലെയാണ് ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുന്നത്.

ജര്‍മന്‍ പത്രമായ സെഡ്യൂസെ സിറ്റിങ്ങും അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയും 96 കമ്പനികളുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് തട്ടിപ്പു വെളിപ്പെട്ടിട്ടുള്ളത്. ബര്‍മുഡ നിയമസ്ഥാപനമായ ആപ്പിള്‍ബൈയില്‍ നിന്നുള്ള വിവരങ്ങളാണ് കൂടുതലും അന്വേഷണ വിധേയമാക്കിയത്.

ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ആകെ ഞെട്ടിക്കുന്ന 13.4 ദശലക്ഷം രേഖകള്‍ പുറത്തുവന്നത്. നിയമസ്ഥാപനമായ ആപ്പിള്‍ബൈയിലെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ്. 180 രാജ്യങ്ങളില്‍ 714 പേരുകളുമായി ഇന്ത്യ 19 -ാം സ്ഥാനത്തുണ്ട്.

കള്ളപ്പണം ഇല്ലാതാക്കാന്‍ നോട്ട് അസാധുവാക്കല്‍ കൊണ്ടുവന്ന മോദി സര്‍ക്കാരിന് തിരിച്ചടിയാകുന്ന തരത്തില്‍ ബിജെപി നേതാക്കളുടെ പേരുകളും പാരഡൈസ് പേപ്പറുകളിലുള്‍പ്പെടുന്നു.