ഔറംഗബാദ് ജില്ലയിൽ വെള്ളിയാഴ്ച ചരക്ക് ട്രെയിൻ ഇടിച്ച് പതിനാല് കുടിയേറ്റ തൊഴിലാളികൾ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു.
ജൽനയിൽ നിന്ന് ഭൂസാവലിലേക്ക് നടക്കുകയായിരുന്ന തൊഴിലാളികൾ മധ്യപ്രദേശിലേക്ക് മടങ്ങുകയായിരുന്നു പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
തളർച്ചയെത്തുടർന്ന് റെയിൽ പാതയിലൂടെ നടക്കുകയായിരുന്ന ഇവർ റെയിൽ പാതകളിൽ കിടന്നുറങ്ങിയതിനാലാണ് അപകടത്തിൽ പെട്ടത് .ചരക്കു തീവണ്ടിയാണ് തൊഴിലാളികളെ ഇടിച്ചത് .
പുലർച്ചെ 5.15 നാണ് ഇവരെ ട്രെയിൻ തട്ടിയതെന്ന് പോലീസ് അധികൃതർ പറഞ്ഞു.എങ്ങനെയും സ്വന്തം വീട്ടുകാരുടെ അടുത്തെത്താനുള്ള യാത്രയിലായിരുന്നവർ ഉറങ്ങാൻ റെയിൽവേ പാളം തിരഞ്ഞെടുത്തത് വലിയ അബദ്ധമായി.
രാജ്യവ്യാപകമായി ലോക്ക് ഡൗണായിരിക്കെ , മറ്റ് പല നഗരങ്ങളിലും കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കാൽനടയായി സ്വന്തം സ്ഥലങ്ങളിലേക്ക് മടങ്ങാനുള്ള യാത്രയിലാണ്.
മാർച്ച് 24 മുതൽ അന്തർസംസ്ഥാന ബസ് സർവീസ്, പാസഞ്ചർ, മെയിൽ, എക്സ്പ്രസ് ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് .