മിഷന്‍ ഇംപോസിബിള്‍ സിനിമാ പരമ്പരകളിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടനായ ടോം ക്രൂസ് ചരിത്രത്തില്‍ ആദ്യമായി ബഹിരാകാശ ചിത്രീകരണത്തിനൊരുങ്ങുന്നു.ആക്ഷന്‍-അഡ്വഞ്ചര്‍ ജോണറില്‍പ്പെട്ട സിനിമയാകും ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രൈഡന്‍സ്റ്റിനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനില്‍ ആയിരിക്കും ചിത്രീകരണം നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായിയും ശാസ്ത്രജ്ഞനും കൂടിയായ ഈലോണ്‍ മസ്‌കിന്റെ ബഹിരാകാശ വാഹന നിര്‍മ്മാണക്കമ്പനിയായ സ്‌പേസ് എക്‌സുമായി സഹകരിച്ചാണ് പുതിയ പദ്ധതി. ബഹിരാകാശ ചിത്രീകരണത്തിനു മുമ്പ് ടോംക്രൂസിന് കൃത്യമായ പരിശീലനം നല്‍കേണ്ടതുണ്ട്. ഭൂമിയില്‍ നിന്ന് 250 മൈല്‍ അകലെയാണ് സ്‌പേസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടു തന്നെ ബഹിരാകാശത്ത് ജീവിക്കുന്നതിനുള്ള പരിശീലനം പൂര്‍ണ്ണമായും നല്‍കാന്‍ 2 വര്‍ഷത്തോളം വേണ്ടി വരും. നിലവില്‍ ടോംക്രൂസ് മിഷന്‍ ഇംപോസിബിള്‍ പരമ്പരയിലെ ഏഴാമത്തെ സിനിമയുടെ ചിത്രീകരണത്തിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ ഷൂട്ടിങ് നിര്‍ത്തി വച്ചിരിക്കുകയാണ്. അതിനു ശേഷം ചരിത്രത്തിന്റെ ഭാഗമാകാന്‍ പോകുന്ന ടോം ക്രൂയിസ് സിനിമയ്ക്കായി നമുക്ക് കാത്തിരിക്കാം.