നായികയായും, സഹനടിയായുമൊക്കെ സിനിമകളില്‍ തന്റെ കഴിവ് തെളിയിച്ച കനിഹ ഒരു സംവിധായകയുടെ റോളില്‍ എത്തുകയാണ്. മാതൃദിനത്തിലാണ് കനിഹ ആദ്യമായി സംവിധാനം ചെയ്ത  ഹ്രസ്വചിത്രം പുറത്തിറങ്ങിയിരിക്കുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് മാ എന്ന പേരിലുള്ള ഷോര്‍ട്ട്ഫിലിം തന്റെ പേജിലൂടെ ലോഞ്ച് ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ കനിഹയും ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മാതൃദിനത്തില്‍ എല്ലാ അമ്മമ്മാര്‍ക്കുമായിട്ടാണ് നടി ഈ വീഡിയോ സമര്‍പ്പിച്ചിരിക്കുന്നത്. ഒരു സ്ത്രീ അമ്മയായി മാറിക്കഴിയുമ്പോള്‍ സ്വയം ശ്രദ്ധിക്കാന്‍ മറന്നുപോകുന്നു, ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ അമ്മയ്ക്ക് വേണ്ടതെന്താണെന്ന് നമ്മള്‍ തിരിച്ചറിയുന്നില്ല. വാര്‍ധക്യത്തില്‍ അമ്മമാര്‍ക്ക് വേണ്ടത് സ്‌നേഹവും പരിഗണനയും മാത്രം. കനിഹ പറയുന്നു. ഇമ്രാന് അഹമ്മദ് ആണ് ഈ ഹ്രസ്വച്ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രസന്ന ശിവരാമന്‍ സംഗീതവും ഗോകുല്‍നാഥ് എഡിറ്റിങ്ങും ചെയ്തിരിക്കുന്നു. മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ നടിയുടെ ആദ്യസംരഭത്തിന് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്നത്.