ലോകമെമ്പാടും ഭീതി പരത്തിയ കോവിഡ് എന്ന മഹാരോഗം ഇന്ത്യയിലും ശക്തി പ്രാപിച്ചു വരികയാണ്. മുംബൈ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേരെ കോവിഡ് ബാധിച്ചിരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാടിന് സഹായവുമായി മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് ആയിരം പിപിഇ കിറ്റുകളും രണ്ടായിരം എന്‍-95 മാസ്കുകളും സംഭാവന ചെയ്തു. തിങ്കളാഴ്ചയാണ് ഈ ആവശ്യവസ്തുക്കള്‍ ഫൗണ്ടേഷന് തമിഴ്നാടിന് കൈമാറിയത്. തിങ്കളാഴ്ച കോയമ്പത്തൂരില്‍ വച്ച് നടന്ന ചടങ്ങില്‍ തമിഴ്നാട് മന്ത്രി എസ്.പി.വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ ഡോ.നാരായണന് ആവശ്യസാധനങ്ങള്‍ കൈമാറുകയായിരുന്നു. ഒപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍പന്തിയില്‍ നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കായുള്ള എന്‍-95 മാസ്കുകളും ഫൗണ്ടേഷന് നല്കി. രാജ്യത്ത് കോവിഡ് വലിയ പ്രതിസന്ധി തീര്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. ചെന്നൈയില്‍ മാത്രം 4371 രോഗികളാണുള്ളത്. ആകെ മരണം 53.