കൊച്ചി: പ്രളയാനന്തരം കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർമ്മിച്ച രണ്ട് വീടുകൾ ചേരാനല്ലൂർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച് കൈമാറി. ഹൈബി ഈഡൻ എം.പിയാണ്‌ താക്കോൽദാനം നിർവ്വഹിച്ചത്.

2018 ലെ പ്രളയത്തിൽ വീട് തകർന്ന ആന്റണിയുടെയും മേരിയുടെയും അവസ്ഥ മനസ്സിലാക്കി എം.എൽ.എ ആയിരുന്ന ഹൈബി ഈഡൻ വീടു നിർമ്മാണത്തിന് മുൻകയ്യെടുക്കുക ആയിരുന്നു .കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രനാണ് രണ്ട് വീടുകൾ നിർമ്മിക്കുന്നതിനുള്ള തുക കൈമാറിയത്. ഹൈബി ഈഡൻ എം.പിയുടെ മേൽ നോട്ടത്തിലാണ്‌ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത്.

ലോക്ക് ഡൗൺ ആരംഭിക്കുന്നത് മുൻപ് തന്നെ തൊണ്ണൂറു ശതമാനം നിർമ്മാണവും പൂർത്തിയായിരുന്നു. ലോക്ക് ഡൗണിൽ ഇളവുകൾ നല്കിയതോടെ നിർമ്മാണം പുനരാരംഭിച്ച് ധ്രുതഗതിയിൽ വീട് കൈമാറുകയയിരുന്നെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്റെ നിർമ്മാണം മുഹമ്മദ് സാദത്തിന്റെ ഉടമസ്ഥതയിലുള്ള ഐറിസ് ബിൽഡേഴ്സ് ആന്റ് ഇന്റീരിയേഴ്സ് എന്ന സ്ഥാപനമാണ്‌ നിർവ്വഹിച്ചത്.

ചടങ്ങിൽ ഡിസിസി പ്രസിഡന്റും എറണാകുളം എം.എൽ.എയുമായ ടി.ജെ വിനോദ്, കോൺഗ്രസ് ബ്ളോക്ക് പ്രസിഡന്റ് ഹെൻറി ഓസ്റ്റിൻ, മണ്ഡലം പ്രസിഡന്റ് കെ.ജി രാജേഷ്, ഇടപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ ആന്റണി, ചേരാനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സോണി ചീക്കു, ബ്ളോക്ക് മെമ്പർ വിൻസി ഡേറിസ് തുടങ്ങിയവർ പങ്കെടുത്തു.