അന്യ സംസ്ഥാനത്തുള്ള തൊഴിലാളികളെ യു പി സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുപോകുന്നതിനായി പാർട്ടി ഓടിച്ചു തുടങ്ങിയ ആയിരം ബസുകൾ ഇന്ന് രാവിലെ ലഖ്‌നൗവിൽ കൈമാറണമെന്ന് ഉത്തർപ്രദേശ് സർക്കാർ ആവശ്യപ്പെട്ടിരുന്നു . ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഓഫീസ് അറിയിച്ചു.സർക്കാരിന്റെ ആവശ്യം നടക്കില്ല എന്ന് ചൂണ്ടിക്കാണിച്ചു നിരാകരിച്ചിരിക്കുകയാണ് പ്രിയങ്ക .
അന്യസംസ്ഥാനങ്ങളിൽ പെട്ടുപോയ തൊഴിലാളികളെ സംസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതിനായി ആയിരം ബസുകൾ ഓടിക്കാമെന്ന കോൺഗ്രസിന്റെ വാഗ്ദാനം ഉത്തർപ്രദേശ് സർക്കാർ തിങ്കളാഴ്ച അംഗീകരിച്ചിരുന്നു .സംസ്ഥാനത്തു ഇപ്പോൾ ബി ജെ പി കോൺഗ്രസ് നേർക്കുനേർ പോരാട്ടമാണ് .നിർഭാഗ്യവാന്മാരായ തൊഴിലാളികളെ അവരുടെ സ്വന്തം സ്ഥലങ്ങളിലേക്ക് എത്തിക്കാൻ ഉത്തർപ്രദേശ് സർക്കാർ അടിയന്തിരമായി ബസുകൾ വിന്യസിക്കണമെന്ന ആവശ്യം കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര ആവർത്തിച്ചാവശ്യപ്പെട്ടിരുന്നു .
“രാജ്യത്തെ റോഡുകളിൽ അപകടമുണ്ടാക്കുന്ന ഒരു സാഹചര്യമുണ്ട്. തൊഴിലാളികൾ കുട്ടികളോടും കുടുംബങ്ങളോടുമൊപ്പം ഒഴിഞ്ഞ വയറുമായി നഗരങ്ങളിൽ നിന്ന് കാൽനടയായി കിലോമീറ്ററുകൾ നടക്കുന്നു. ഭരണനേതൃത്വം അവരെ മറന്നതായി തോന്നുന്നു. ലക്ഷക്കണക്കിന് തൊഴിലാളികൾ റോഡുകളിലൂടെ കാൽനടയാത്രയിലാണ് ,എല്ലാ ദിവസവും അപകടങ്ങൾ സംഭവിക്കുന്നു, ”പ്രിയങ്ക ചൂണ്ടിക്കാട്ടി .
“ഈ പാവപ്പെട്ട ഇന്ത്യക്കാർ എല്ലാ ദിവസവും കൊല്ലപ്പെടുന്നു. എന്തുകൊണ്ടാണ് സർക്കാർ അവർക്ക് വേണ്ടി ബസുകൾ ഓടിക്കാത്തത്? ഉത്തർപ്രദേശ് റോഡ്‌വേയുടെ 20,000 ബസുകൾ വെറുതെ ഇരിക്കുന്നു. അവയെ ഉപയോഗിച്ച് തൊഴിലാളികളെ സഹായിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. നമ്മിടെ നഗരങ്ങളും മറ്റും ഉണ്ടായതും രാജ്യം മുന്നോട്ടുപോയതും തൊഴിലാളികളുടെ അധ്വാനഫലമായാണ് എന്നത് മറക്കരുത് ”അവർ കൂട്ടിച്ചേർത്തു.
ഓരോ കോൺഗ്രസ് പ്രവർത്തകരും തൊഴിലാളികളെ പിന്തുണയ്ക്കുമെന്ന് അവർ തൊഴിലാളികൾക്ക് ഉറപ്പ് നൽകി.
“ദൈവത്തെ ഓർത്ത് , ദയവായി തൊഴിലാളികളെ അവരുടെ ഈ നിസ്സഹായ അവസ്ഥയിൽ ഉപേക്ഷിക്കരുത്. ഉത്തർപ്രദേശിലെ എല്ലാ കോൺഗ്രസ് ജില്ലാ യൂണിറ്റുകളിലെയും പ്രവർത്തകരോട് തൊഴിലാളികളെ പൂർണ്ണഹൃദയത്തോടെ സേവിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ,” പ്രവർത്തകരോട് അവർ ആഹ്വാനം ചെയ്തു .
തൊഴിലാളികൾക്കെതിരെ ബലപ്രയോഗം നടത്തരുതെന്ന് പ്രിയങ്ക പോലീസിനോട് അഭ്യർത്ഥിച്ചു.
“ഞാൻ പോലീസിനോട് ഒരു പ്രത്യേക അഭ്യർത്ഥന നടത്തുന്നു. നിങ്ങളുടെ ജോലിയുടെ സമ്മർദ്ദവും നിങ്ങൾ അസ്വസ്ഥരാണെന്നും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ നിസ്സഹായരായ തൊഴിലാളികൾക്കെതിരെ ദയവായി ബലപ്രയോഗം നടത്തരുത്. തൊഴിലാളികൾ വളരെയധികം ദുരിതത്തിലാണ് എന്നത് മനസ്സിലാക്കി അവരുടെ അന്തസ്സ് സംരക്ഷിക്കുക,”