കേരളത്തിൽ ചികിത്സയിലുള്ളത് 216 പേര്‍; ഇന്ന് 2 പേര്‍ രോഗമുക്തി നേടി; ഇതുവരെ രോഗമുക്തി നേടിയവര്‍ 512.ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 42 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കേസുകൾ കൂടുന്നത് ആശങ്ക ജനിപ്പിക്കുന്നു എന്ന് വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ലോക്ക് ഡൗൺ ഇളവുകൾ ആഘോഷമാക്കരുതെന്ന് ജനങ്ങളോട് നിർദേശിച്ചു .ജീവിതം മുന്നോട്ടു നീക്കാനുള്ള അടിയന്തിരപ്രാധാന്യമുള്ള കാര്യങ്ങൾക്കായി മാത്രമേ ഇളവുകൾ ഉപയോഗിക്കാവു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട, വയനാട് ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ വിദേശത്ത് നിന്നും (കുവൈറ്റ്-7, യു.എ.ഇ.-5, ഖത്തര്‍-2, സൗദി അറേബ്യ-3) 23 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-21, തമിഴ്‌നാട്-1, ആന്ധ്രാപ്രദേശ്-1) വന്നതാണ്. കണ്ണൂര്‍ ജില്ലയിലുള്ള ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരു ആരോഗ്യ പ്രവര്‍ത്തകനും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു.

അതേസമയം രോഗം സ്ഥിരികരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇതോടെ 216 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 512 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

എയര്‍പോര്‍ട്ട് വഴി 6218 പേരും സീപോര്‍ട്ട് വഴി 1621 പേരും ചെക്ക് പോസ്റ്റ് വഴി 72,315 പേരും റെയില്‍വേ വഴി 2136 പേരും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 82,290 പേരാണ് എത്തിയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 84,258 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 83,649 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 609 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 162 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 51,310 വ്യക്തികളുടെ (ഓഗ്‌മെന്റഡ് സാമ്പിള്‍ ഉള്‍പ്പെടെ) സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 49,535 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 7072 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 6630 സാമ്പിളുകള്‍ നെഗറ്റീവ് ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1862 സാമ്പിളുകളാണ് പരിശോധിച്ചത്.

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ ആകെ 28 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.