ഒരു പൊട്ടക്കിണറ്റിൽ ഒരു തവള പാർത്തിരുന്നു .ആ തവള ജനിച്ചതും വളർന്നതുമെല്ലാം ആ കിണറ്റിലായിരുന്നു . പുറത്തുള്ള ലോകത്തെ പറ്റി അവനു യാതൊരറിവും ഉണ്ടായിരുന്നില്ല .കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും താൻ വളരെ ബുദ്ധിമാനാണ് എന്നതായിരുന്നു ആ തവളയുടെ ധാരണ .കിണറ്റിലുള്ളതും അതിലേക്കു വന്നു വീഴുന്നതുമായ ചെറുപ്രാണികളെ ഭക്ഷിച്ചു കഴിഞ്ഞുവന്നു.
ഒരു ദിവസം ഉച്ച  ഉറക്കത്തിലായിരുന്ന തവള എന്തോ വെള്ളത്തിൽ വീഴുന്ന ശബ്ദം കേട്ടുണർന്നു. ആദ്യമൊന്നു ഭയന്ന കിണറ്റിലെ തവള, വീണത് തന്നെ പോലെ ഒരു താവളയാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ കുറച്ചൊന്നാശ്വസിച്ചു . ഉണ്ടായ ആശ്ചര്യവും ഭയവും മറച്ചുവച്ച കിണറ്റിലെ തവള ആഗതനോട് ചോദിച്ചു ” നീ ആരാണ് ?”
“ഞാൻ നിന്നെ പോലൊരു താവളയാണ്”  വന്നു കയറിയ തവള ഉത്തരം നൽകി .
നിനക്കിവിടെയെന്താണ് കാര്യം എന്നായി കിണറ്റിലെ തവളയുടെ ചോദ്യം . ഞാൻ ഇവിടെ വരണമെന്നുദ്ദേശിച്ചതല്ല, പക്ഷെ അബദ്ധത്തിൽ ഇതിനുള്ളിൽ വീണുപോയതാണ് എന്ന മറുപടി കിണറ്റിലെ തവളയെ ആശ്വസിപ്പിച്ചു .
കിണറ്റിലെ തവള കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനാരംഭിച്ചു .’നീ എവിടെ നിന്നാണ് വരുന്നത് ?’
‘ഞാൻ പുഴക്കരയിൽ നിന്നുമാണ് വരുന്നത് ‘
‘പുഴയോ അതെന്താണ് ?വലുതാണോ ? എന്റെ ഈ കിണറിന്റെ അത്രയുമുണ്ടോ ?’
‘പുഴ എത്രയോ വലുതാണ്,ഈ കിണറുമായി താരതമ്യപ്പെടുത്താനാകില്ല .ഈ കിണറിന്റെ അനേകായിരമിരട്ടി വലുതാണ് പുഴ .’
‘ഇല്ല ഒരിക്കലുമില്ല ,ഈ കിണറിനേക്കാളും വലിപ്പമുള്ളതാകില്ല പുഴ .നീ ഒരു നുണയനാണ് .നിന്നെ ഞാൻ ഒരിക്കലും വിശ്വസിക്കുകയില്ല .’പൊട്ടക്കിണറ്റിലെ താവളയ്ക്കു ദേഷ്യം വന്നു .
ഒരു ചെറിയ ചിരിയോടെ വന്നു കയറിയ തവള പറഞ്ഞു  ‘ നീ  പുഴ കണ്ടിട്ടില്ലാത്തതുകൊണ്ടാണ് എന്നെ വിശ്വസിക്കാത്തത്. എന്റെ കൂടെ വരൂ .ഞാൻ പുഴ കാണിച്ചുതരാം അപ്പോൾ നിനക്ക് കാര്യങ്ങൾ മനസ്സിലാക്കാനാകും .’
എന്നാൽ കിണറ്റിലെ തവള അതൊന്നും അംഗീകരിക്കാൻ തയ്യാറായില്ല .നീ കള്ളം പറയുകയാണ് ,എന്റെ ഈ കിണറിനേക്കാളും വലുതല്ല നിന്റെ  പുഴ എന്ന പല്ലവി അവർത്തിച്ചുകൊണ്ടേയിരുന്നു .പുഴ കാട്ടിത്തരാം എന്ന വാഗ്ദാനവും കിണറ്റിലെ തവള തള്ളിക്കളഞ്ഞു .
നീ കള്ളം പറയുന്നവനാണ് ,വേഗം  പുറത്തു പൊയ്ക്കോ  എന്നും കിണറ്റിലെ തവള ആക്രോശിച്ചു .
പുഴക്കരയിൽ വസിച്ചിരുന്ന താവളയ്ക്കു കാര്യം മനസിലായി .കിണറ്റിൽ നിന്നും പുറത്തിറങ്ങാത്ത വിഡ്ഢിയാണിവൻ .ഇവനോട് സംസാരിച്ചു സമയം കളയാം എന്നല്ലാതെ യാതൊരു പ്രയോജനവുമില്ല .ഇത്രയും വിചാരിച്ചുറപ്പിച്ചിട്ട് അവൻ ചാടി പുറത്തുപോയി .
കിണറ്റിലെ തവള സന്തോഷിച്ചുകൊണ്ട് സ്വയം പറഞ്ഞു ‘ അവൻ എന്നെ വിഡ്ഢിയാക്കാം എന്ന് വിചാരിച്ചു .എന്നാൽ  എന്റെ കിണറിനേക്കാൾ വലുതായൊന്നുമില്ലെന്ന് എനിക്കറിയാം’


(ഈ കഥയിലെ കിണറ്റിലെ തവളയുടെ മനോഭാവം ആരും വളർത്തരുത് .മറ്റുള്ളവർ പറയുന്നതിലും കാര്യമുണ്ടാകാം .നാം അന്യരുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും ബഹുമാനിക്കാനും മനസ്സിലാക്കാനും ശ്രമിക്കണം  .അതാണ് സംസ്കാരത്തിന്റെ ലക്ഷണം .)