ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 60 ദിവസങ്ങള്‍ പിന്നിട്ടിട്ടും ലക്ഷക്കണക്കിനു വരുന്ന കര്‍ഷകര്‍,കുടിയേറ്റത്തൊഴിലാളികള്‍,മത്സ്യത്തൊഴിലാളികള്‍, പരമ്പരാഗത മേഖലയില്‍ ഉള്‍പ്പെടെ പണിയെടുക്കുന്ന അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയമാണ്.
കോവിഡ് മഹാമാരിയുടെ കെടുതിയില്‍ ഏറ്റവും കൂടുതല്‍ പ്രയാസവും കഷ്ടപ്പാടും ദുരിതവും അനുഭവിക്കുന്നത് ഈ മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ജോലിയും വരുമാനവും നഷ്ടപ്പെട്ട് കഴിക്കാന്‍ ഭക്ഷണവും കുടിക്കാന്‍ വെള്ളവുമില്ലാതെയും തലചായ്ക്കാന്‍ ഒരിടമില്ലാതെയും സ്വന്തം നാടുകളിലേക്ക് നൂറുക്കണക്കിന് കിലോമീറ്ററുകള്‍ കാല്‍നടയായി കൂട്ടപ്പലായനം ചെയ്യുന്ന തൊഴിലാളികളെയാണ് ലോക്ക്ഡൗണ്‍ കാലയളിവില്‍ നാം കണ്ടത്. ദീര്‍ഘവീക്ഷണമില്ലാതെയും വേണ്ട മുന്‍കരുതലുകള്‍ ഇല്ലാതെയും നടപ്പിലാക്കിയ ലോക്ക്ഡൗണാണിതിന് കാരണം. രോഗവ്യാപനം തടയുന്നതിന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സഹായകരമായില്ലെന്നതാണ് ഒരു വസ്തുത. അതിവേഗത്തില്‍ കോവിഡ് പടർന്നു പിടിക്കുന്ന മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ അതിന് ഉദാഹരമാണ്.
പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളുടെ കൈയ്യില്‍ നേരിട്ട് പണം എത്തിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണ്. അസംഘടിത മേഖലകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് അടിയന്തിരമായി 10000 രൂപ വീതം നേരിട്ട് അവരുടെ ബാങ്ക് അക്കൗണ്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാവണം.
കേന്ദ്ര സര്‍ക്കാര്‍ 20ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിന്റെയും സംസ്ഥാന സര്‍ക്കാര്‍ 20000 കോടിയുടെ സാമ്പത്തിക പാക്കേജിന്റെയും പേരില്‍ ജനങ്ങളെ കബളിപ്പിച്ചു. തിരിച്ചടയ്‌ക്കേണ്ട കുറെ വായ്പകൾ മാത്രമാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ബാക്കി മുഴുവന്‍ സ്വകാര്യകുത്തക കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പാക്കേജില്‍ 14000 കോടിയും സര്‍ക്കാര്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുള്ളതുകമാത്രമായിരുന്നു. രണ്ടു സര്‍ക്കാരുകളുടേയും സാമ്പത്തിക പാക്കേജില്‍ സാധാരണക്കാരേയും തൊഴിലാളികളേയും പൂര്‍ണ്ണമായും അവഗണിച്ചു.
ലോക്ക്ഡൗണ്‍ കാലയളവിൽ ജോലിനഷ്ടമായി തിരികെയെത്തുന്ന പ്രവാസി സമൂഹം സമ്മാനിക്കുന്നതും തീരാവേദനയാണ്. ഭാവി അനിശ്ചിതത്വത്തിലായ പ്രവാസി സമൂഹത്തിന് പ്രത്യാശയുടേയും പ്രതീക്ഷയുടേയും വെളിച്ചം പകരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കായില്ല. വിമാനടിക്കറ്റ് ചാര്‍ജിന്റെ പേരില്‍ കേന്ദ്ര സര്‍ക്കാരും ക്വാറന്റൈന്‍ ചെലവ് സ്വന്തമായി വഹിക്കണമെന്ന ഉത്തരവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും പ്രവാസികളെ കൊള്ളയടിച്ചു. ഇവരെ സഹായിക്കാന്‍ ബാധ്യതയുള്ള സര്‍ക്കാരുകള്‍ കുറ്റകരമായ അനാസ്ഥയാണ് കാട്ടിയത്.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.കെ.ആന്റണി, ഉമ്മന്‍ചാണ്ടി,എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.സി.ചാക്കോ, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം.സുധീരന്‍,കെ മുരളീധരൻ എന്നിവർ ഉള്‍പ്പെടെ കെ.പി.സി.സി ഭാരവാഹികള്‍,ഡി.സി.സി ഭാരവാഹികള്‍,കോണ്‍ഗ്രസ് എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവരും യൂത്ത്‌കോണ്‍ഗ്രസ്, കെ.എസ്.യു, മഹിളാകോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി തുടങ്ങിയ പോഷകസംഘടനാ ഭാരവാഹികളും സ്പീക്കപ്പ് ഇന്ത്യാ ക്യാമ്പയിന്റെ ഭാഗമായി. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണിവരെയായിരുന്നു ക്യാമ്പയിന്‍. സ്പീക്കപ്പ് ഇന്ത്യാ ക്യാമ്പയില്‍ എല്ലാ അര്‍ത്ഥത്തിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.
സോഷ്യല്‍ മീഡിയ വഴിയുള്ള വേറിട്ട ഇത്തരമൊരു പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണീയാ ഗാന്ധി, രാഹുല്‍ഗാന്ധി, പ്രിയങ്കാ ഗാന്ധി മുതല്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകര്‍ വരെ പങ്കെടുത്തു.
നരേന്ദ്ര മോദിക്കും ബി.ജെ.പി സര്‍ക്കാരിനുമെതിരായ പ്രതിഷേധം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സ്പീക്കപ്പ് ഇന്ത്യാ ക്യാമ്പയിനിന്റെ ഭാഗമായി രേഖപ്പെടുത്തി എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ അവകാശപ്പെട്ടു.