പമ്പ ത്രിവേണിയില്‍ അടിഞ്ഞു കിടക്കുന്ന ഒരു ലക്ഷത്തിലേറെ മെട്രിക് ടണ്‍ മണല്‍ പൊതുമേഖലാ സ്ഥാപനത്തെ മുന്‍നിര്‍ത്തി കൊള്ളയടിക്കാനുള്ള നീക്കം ഇന്നലെ പ്രതിപക്ഷം പുറത്ത് കൊണ്ടുവന്നിരുന്നു. സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്നും ഇന്നലെ ഞാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇന്നലെ രാത്രിയില്‍ തന്ന വനം വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ആശാ തോമസ് മണല്‍ കടത്തുന്നത് നിരോധിച്ച് കൊണ്ട് സി സി എഫ് ഉള്‍പ്പെടയുള്ള ഉദ്യേഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ്. ഇതോട് കൂടി ഞാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിയാമെന്ന് തെളിഞ്ഞിരിക്കുന്നു. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം പമ്പാ ത്രിവേണിയില്‍ അടിഞ്ഞ് കൂടിക്കിടന്നിരുന്ന മണ്ണ് മാറ്റണമെങ്കില്‍ വനം വകുപ്പിന്റെ അനുവാദം വേണം. ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്റ്റിന്റെ വകുപ്പുകള്‍ക്ക് അനുസൃതമായിരിക്കണം നടപടി ക്രമങ്ങള്‍. അതാണ് ഞാന്‍ ഇന്നലെ പറഞ്ഞത്.
കോവിഡിന്റെ മറവില്‍ ഏത് തട്ടിപ്പും കേരളത്തില്‍ നടക്കുമെന്ന് സര്‍ക്കാര്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ചോദിക്കാനും പറയാനും ആരും ഇല്ല എന്ന നിലയിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം മുന്നോട്ടു പോകുന്നത്. ഇവിടെ മാലിന്യം നീക്കം ചെയ്യാനെന്നതിന്റെ മറവില്‍ മണല്‍ കടത്താന്‍ അവസരം ഉണ്ടാക്കുകയാണ് ചെയ്തത്.
കണ്ണൂരിലെ ഒരു പൊതുമേഖലാ സ്ഥാപനമായ കേരളാ ക്‌ളേസ് ആന്റ് സിറാമിക് പ്രൊഡക്ട്‌സ് സെറാമിക്സ് ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനിയാണ്. വര്‍ഷങ്ങളായി അത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. കണ്ണൂരില്‍ വളപട്ടണം പുഴയുള്‍പ്പെടെയുള്ള അഞ്ച് പുഴകളില്‍ നിന്ന് മണല്‍ വാരാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ സി.പി.എം ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരം ചെയ്തു. അന്ന് ജില്ലാ കളക്റ്റര്‍ വിളിച്ച് കൂട്ടിയ യോഗത്തില്‍ വച്ച് അതിന്റെ ജനറല്‍ മാനേജര്‍ ഞങ്ങള്‍ക്ക് മണല്‍ വാരാനുള്ള വൈദഗ്ധ്യമില്ല സ്വകാര്യ ഏജന്‍സികളെക്കൊണ്ടാണ് ചെയ്യിക്കുന്നതെന്ന് വ്യക്തമക്കിയിരുന്നു. അത് തന്നെയാണ് ഇവിടെയും ചെയ്തത്. മാലിന്യങ്ങള്‍ നീക്കാനുള്ള അനുവാദത്തെ മണല്‍ വാരാനും കൊണ്ടുപോകാനുമുള്ള അവസരമാക്കി ദുരുപയോഗപ്പെടുത്തുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. കോടിക്കണക്കിന് രൂപ വില വരുന്ന മണല്‍ ആരോരുമറിയാതെ റിട്ടയര്‍ ചെയ്യാന്‍ പോകുന്ന ചീഫ് സെക്രട്ടറിയും ഡി ജി പിയും സ്ഥാനമേല്‍ക്കാന്‍ പോകുന്ന ചീഫ് സെക്രട്ടറിയുമടങ്ങുന്ന ഉദ്യേഗസ്ഥ വൃന്ദം ഹെലികോപ്റ്റര്‍ യാത്ര നടത്തിയ ശേഷം യോഗം ചേര്‍ന്നു തിരുമാനമെടുത്ത് ഉത്തരവിറക്കാന്‍ ജില്ലാ കളക്റ്ററോട് നിര്‍ദ്ദേശിച്ചു. ഈ പൊതുമേഖലാ സ്ഥാപനത്തിന് ഒരു ലക്ഷം മെട്രിക് ടണ്‍ മണല്‍ അവിടെ നിന്ന് നീക്കം ചെയ്യാനുള്ള അധികാരമാണ് കൊടുത്തത്. ഇവര്‍ക്ക് എന്താണ് അധികാരം?
മുന്‍ ചീഫ് സെക്രട്ടറിക്കും, ഇപ്പോഴത്തെ ചീഫ് സെക്രട്ടറിക്കും ഉദ്യേഗസ്ഥന്‍മാര്‍ക്കും ഈ തിരുമാനം എടുക്കാനുള്ള യാതൊരു അധികാരവുമില്ല. കാരണം കാബിനറ്റിന്റെ ഒരു തിരുമാനമുണ്ട്. 22-5-2019 ല്‍ ഐറ്റം നമ്പര്‍ 3022 എന്ന അജണ്ടയില്‍ ക്യാബിനറ്റ് എടുത്ത തിരുമാനത്തില്‍ ഈ മണല്‍ എങ്ങിനെ ലേലം ചെയ്യണമെന്ന് വ്യക്തമായി പറയുന്നുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 20,000 മെട്രിക്ക് ടണ്‍ മണല്‍ നല്കാന്‍ തീരുമാനിച്ചു. 15,000 ടണ്‍ പൊതുലേലത്തിലൂടെ വില്പന നടത്താനും 55,000 ടണ്‍ ഇ-ടെന്‍ഡറിലൂടെ വില്പന നടത്താനും തിരുമാനിച്ചു. ഈ കാബിനറ്റ് തിരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വനം വകുപ്പാണ് ഇത് ചെയ്യേണ്ടത്. ആ തിരുമാനത്തെ മറി കടന്ന് റിട്ടയര്‍ ചെയ്യാന്‍ പോകുന്ന ചീഫ് സെക്രട്ടറിയും, പുതുതായി ചുമതലയേറ്റ ചീഫ് സെക്രട്ടറിയും ഡി ജി പിയും അടങ്ങുന്ന ഉദ്യേഗസ്ഥര്‍ നിലക്കലില്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി തീരുമാനമെടുത്തത്. വനം വകുപ്പും വനം മന്ത്രിയും, ഫോറസ്റ്റ് അഡി. ചീഫ് സെക്രട്ടറിയും ഇത് അറിയുന്നില്ല. എന്നിട്ട് ജില്ലാ കളക്റ്ററെ വിളിച്ച് പറയുന്നു, ഡിസാസ്റ്റര്‍മാനേജ്മെന്റ് അതോറിറ്റി ചെയര്‍മാനായ കളക്റ്റര്‍ ഡിസാസക്ടര്‍ മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ഉത്തരവിറക്കണമെന്ന്. ജില്ലാ കളക്റ്റര്‍ ബുദ്ധിമാനായത് കൊണ്ട് ചീഫ് സെക്രട്ടറിയുടെയും റവന്യു സെക്രട്ടറിയുടെയും നിര്‍ദേശാനുസരണം ഞാന്‍ ഈ ഉത്തരവ് ഇറക്കുന്നുവെന്നാണ് അദ്ദേഹം ഉത്തരവില്‍ എഴുതിയത്.
കാബിനറ്റ് തിരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനുള്ള അധികാരം ഈ ചീഫ് സെക്രട്ടറിക്കും മറ്റ് ഉദ്യേഗസ്ഥര്‍ക്കും ആര് കൊടുത്തു? അറിയേണ്ട വളരെ ഗൗരവമുള്ള കാര്യമാണത്. വനം വകുപ്പ് ഇതറിഞ്ഞിട്ടില്ല. വനം വകുപ്പിന് ഇതില്‍ എന്ത് കാര്യം എന്ന് ഇന്നലെ ചില പത്ര ലേഖകര്‍ എന്നോട് ചോദിച്ചു. നിയമസഭയില്‍ വി പി സജീന്ദ്രന്‍ എം എല്‍ എ 16-6-2019 ല്‍ നിയമസഭയില്‍ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരമാണ് അതിന്റെ മറുപടി. റിസര്‍വ്വ് വനത്തിലും വനമേഖലയിലും അടിഞ്ഞ് കൂടുന്ന മണലും തടിയും വില്‍പ്പന നടത്തുന്നതിനുള്ള അവകാശം ആര്‍ക്കാണെന്നായിരുന്നു ചോദ്യം. അതിന് വനം മന്ത്രി കെ രാജു നല്‍കുന്ന ഉത്തരം റിസര്‍വ്വ് വനത്തിലും വനമേഖലയിലും അടിഞ്ഞ് കൂടുന്ന മണലും തടിയും ശേഖരിക്കുന്നതിനും വില്‍പ്പന നടത്തുന്നതിനുമുള്ള അവകാശം വനം വകുപ്പില്‍ നിക്ഷ്പ്തമാണ് എന്നാണ്.
സാന്‍ഡ് ഓഡിറ്റ് നടന്നിട്ടില്ല എന്ന് ഞാന്‍ ഇന്നലെ പറഞ്ഞിരുന്നു. സാന്‍ഡ് ഓഡിറ്റ് പമ്പയിലും ത്രിവേണിയിലും പൂര്‍ത്തിയായിട്ടില്ലന്ന് സര്‍ക്കാര്‍ ഉത്തരവ് തന്നെ വ്യക്തമാക്കുന്നു. മാത്രമല്ല, നദികളിലെ മണല്‍ ഖനനവുമായി ബന്ധപ്പെട്ട് 2.7.19 ന് രാജു എബ്രഹാമിന്റെ ചോദ്യത്തിന് നിയമസഭയില്‍ റവന്യുമന്ത്രി ചന്ദ്രശേഖരന്‍ നല്‍കുന്ന മറുപടി സാന്‍ഡ് ഓഡിറ്റിംഗ് അന്തിമ ഘട്ടത്തിലാണ്,പൂര്‍ത്തിയായിട്ടില്ല എന്നാണ് പറയുന്നത്.
ഇവിടെ വളരെ വ്യക്തമായി ഒരു കാര്യം അറിയേണ്ടതുണ്ട്. കാബിനറ്റ് ഉത്തരവ് നിലനില്‍ക്കുമ്പോള്‍ വനം മന്ത്രിയോ വനം സെക്രട്ടറിയോ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോ അറിയാതെ എങ്ങിനെ ചീഫ് സെക്രട്ടറി ജില്ലാ കളക്റ്ററെ കൊണ്ട് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ സ്വകാര്യ വ്യക്തികള്‍ക്ക് മണല്‍ കടത്തി കൊണ്ടുപോകാനുള്ള അനുവാദം കൊടുത്തു? വനം സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ മണല്‍ കൊണ്ടുപോകുന്നത് നിര്‍ത്തി വച്ചിരിക്കുകയാണ്. അപ്പോള്‍ ഇതാരുടെ താല്‍പര്യം ആണ്? വനം വകുപ്പ് അറിയാതെ ആരാണ് കള്ളക്കള്ളിക്ക് നേതൃത്വം കൊടുത്തത്?
റിട്ടയര്‍ ചെയ്യുന്നതിന് തൊട്ട് മുമ്പ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും മുന്‍ ചീഫ് സെക്രട്ടരിയും ഡി ജി പിയും ചേര്‍ന്ന് നടത്തിയ ഉന്നതല ഗൂഡാലോചനയാണ് ഇതിലൂടെ പുറത്ത് വരുന്നത്. ഇവര്‍ക്ക് കാബിനറ്റ് എടുത്ത തിരുമാനത്തിന് വിരുദ്ധമായി ഒരു തിരുമാനം എടുക്കാനുള്ള യാതൊരു അധികാരവും ഇല്ല.
വനം വകുപ്പു മന്ത്രിക്ക് ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്? മന്ത്രിയുടെ പാര്‍ട്ടിക്ക് എന്താണ് പറയാനുള്ളത്? ഈ മണല്‍ നീക്കം ചെയ്യുന്നതിന് 2019 ഫെബ്രുവരി 26 ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സംസ്ഥാന വനം വകുപ്പിനാണ് അനുമതി നല്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബോര്‍ഡിന് മണല്‍ വില്‍ക്കാനും അതിന്റെ സീനിയറേജ്, തുക തുടങ്ങിയ കാര്യങ്ങളും തിരുമാനിച്ച് ഉത്തരവായി ഇറങ്ങിയത്. വനം വകുപ്പ് ഈ നടപടികളൊക്കെ സ്വീകരിച്ചുവരുമ്പോള്‍ വനം വകുപ്പിന്റെ തലയ്ക് മുകളിലൂടെ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറിയും ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയും ഡി ജിപിയു കൂടി പറന്നിറങ്ങി നിലക്കലില്‍ വച്ച് ഇങ്ങനെ ഒരു തിരുമാനമെടുക്കേണ്ട എന്ത് അടിയന്തിരമായ സാഹചര്യമാണുണ്ടായത്? ഈ തിരുമാനം ഒരു വലിയ കൊള്ളയും അഴിമതിയും ആണ്. കാബിനറ്റ് തിരുമാനത്തെയും, ഇന്ത്യന്‍ ഫോറസ്റ്റ് ആക്ടിനെയും, റിവര്‍ സാന്‍ഡ് ഓഡിറ്റ് നിയമത്തെയും റൂള്‍സിനെയും കാറ്റില്‍ പറത്തി എടുത്ത തിരുമാനം വലിയ അഴിമതിക്ക് വഴി തെളിച്ചു.
കണ്ണൂരിലെ ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ മറവില്‍ മണല്‍ കൊള്ള നടത്തുന്നതിന്റെ യഥാര്‍ത്ഥ വില്ലന്‍ ആരാണ്? അതാണ് ഇവിടെ പുറത്ത് വരേണ്ടത്. ചീഫ് സെക്രട്ടറിക്കു മാത്രമായി അങ്ങനെ ഒരു തിരുമാനം എടുക്കാന്‍ കഴിയില്ല. ക്വിബിക് മീറ്ററിന് വനം വകുപ്പ് 1200രൂപ നിശ്ചയിച്ച മണല്‍ സൗജന്യമായി നല്‍കാന്‍ തീരുമാനിച്ചത് എന്തിനാണെന്നും വ്യക്തമാക്കണം. കോടിക്കണക്കിന് രൂപയുടെ വന്‍കൊള്ളയാണ് കോവിഡിന്റെ മറവില്‍ നടന്നാല്‍ ആരും അറിയില്ലന്ന് സര്‍ക്കാര്‍ വിചാരിച്ചു. സ്പ്രിംഗ്ളറിന് കൊടുത്ത പോലെ, ബെവ്ക്യു ആപ്പിന് കൊടുത്ത പോലെ ആരോരുമറിയാതെ ഇത്തരം കള്ളത്തരങ്ങളും അഴിമതിയും നടത്താമെന്നാണ് കരുതിയതെങ്കില്‍ അത് നടക്കില്ല. ഇതാണോ അസാധാരണ സന്ദര്‍ഭത്തിലെ അസാധാരണ നടപടി? മുഖ്യമന്ത്രിക്ക് എന്ത് തോന്നിയാലും ഇത്തരം കള്ളത്തരങ്ങളും കൊള്ളയും അഴിമതിയും കേരളത്തിലെ പ്രതിപക്ഷം പുറത്ത് കൊണ്ടുവരിക തന്നെ ചെയ്യും. ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം.
രണ്ട് വര്‍ഷമായി അവിടെ മണല്‍ അടിഞ്ഞ് കൂടിയിട്ട്. 2018 ല്‍ നടന്ന മനുഷ്യ നിര്‍മിതമായ മഹാ പ്രളയത്തില്‍ ആണ് ഈ മണ്ണ് അവിടെ അടിഞ്ഞ് കൂടിയത്. ഈ രണ്ട് വര്‍ഷമായി സര്‍ക്കാര്‍ എന്ത് ചെയ്യുകയായിരുന്നു. എന്ത് കൊണ്ട് സാന്‍ഡ് ഓഡിറ്റ് നടത്തിയില്ല, എന്ത് കൊണ്ട് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ട് വഴി മണല്‍ വില്‍ക്കാന്‍ പ്രത്യേക അനുമതി തേടിയില്ല? അതെല്ലാം ഒഴിവാക്കാനാണ് കാലവര്‍ഷം തുടങ്ങുമ്പോള്‍ അത് അവസരമായി എടുത്ത് ഉത്തരവിട്ടത്. അസാധാരണായ സന്ദര്‍ഭത്തിലെ അസാധാരണമായ നടപടിയായി നാളെ മുഖ്യമന്ത്രി വ്യാഖ്യാനിക്കും.