സി.പി.എമ്മിന്റെ പരിസ്ഥിതി സ്‌നേഹം ജനങ്ങളെ കബളിപ്പിക്കാനാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സേവാദള്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കരുതല്‍ വൃഷതൈ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഇന്ദിരാഭവനില്‍ നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

പരിസ്ഥിതിയെ തകര്‍ത്ത പാര്‍ട്ടിയാണ് സി.പി.എം. വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സ്വന്തം നാടും മുഖ്യമന്ത്രിയുടെ തട്ടകവുമായ തലശ്ശേരിയിലെ കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തിയും തണ്ണീത്തടങ്ങള്‍ നികത്തിയും കോണ്‍ക്രീറ്റ് കാടുകള്‍ പണിതതിന് മറുപടി പറഞ്ഞശേഷമാണ് പരിസ്ഥിതി സംരക്ഷണവാദവുമായി ഇടതു നേതാക്കള്‍ ഇറങ്ങിത്തിരിക്കേണ്ടതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

പ്രകൃതിയെ ചൂഷണം ചെയ്ത പറശ്ശിനിക്കടവിലെ അമ്മ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മാണം വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലാണെങ്കില്‍ പരിസ്ഥിതിലോല പ്രദേശമായ കക്കാടംപൊയിലെ അമ്മ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉടമസ്ഥന്‍ ഇടത് എം.എല്‍.എയാണ്. നീലഗിരി മലനിരകള്‍ ഇടിച്ച് നിരത്തി. പ്രകൃതിയെ വിറ്റ് കാശുണ്ടാക്കുക മാത്രമാണ് സി.പി.എം നേതാക്കളുടെ ലക്ഷ്യം. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ക്വാറികള്‍ക്ക് അനുമതി നല്‍കി പിണറായി സര്‍ക്കാര്‍ ക്വാറിമാഫിയോടുള്ള വിധേയത്വം പ്രകടിപ്പിച്ചു. തോട്ടപ്പള്ളിയിലെ കരിമണല്‍ക്കടത്ത് മുഖ്യമന്ത്രിയുടേയും വ്യവസായമന്ത്രിയുടേയും അറിവോടെയും സമ്മതത്തോടെയുമാണ്. പമ്പത്രിവേണിയിലെ ശതകോടികളുടെ മണല്‍ എല്ലാ പാരിസ്ഥിതിക നിയമങ്ങളും ലംഘിച്ചുകൊണ്ട് കണ്ണൂര്‍ ലോബിയ്ക്ക് കൈമാറാനുള്ള നീക്കം അന്വേഷിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പാലക്കാട് ഗര്‍ഭിണിയായ കാട്ടാന കൊല്ലപ്പെട്ട സംഭവത്തെ രാഷ്ട്രീയവത്കരിച്ച് വര്‍ഗീയധ്രുവീകരിക്കാനുള്ള സങ്കുചിത നീക്കമാണ് മേനകാഗാന്ധിയുടേയും ബി.ജെ.പിയുടേയും നേതൃത്വത്തില്‍ നടക്കുന്നത്. ആപല്‍ക്കരമായ പ്രവണതയാണിത്.ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്നതിന്റെ പേരിലും രാഹുല്‍ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നതിനാലും മലപ്പുറം ജില്ലയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം ഒരിക്കലും അംഗീകരിക്കാനാവില്ല. ശക്തമായി അപലപിക്കുന്നു. കാട്ടാനയുടെ മരണത്തിന് ഇടയാക്കിയ സംഭവം ക്രൂരമാണ്.കുറ്റക്കാരെ എത്രയും വേഗം പിടികൂടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ,വൈസ് പ്രസിഡന്റ് റ്റി ശരത്ചന്ദ്രപ്രസാദ്,ജനറൽ സെക്രട്ടറി മണക്കാട് സുരേഷ് തുടങ്ങിയവർ സേവാദൾ പ്രവർത്തകരോടൊപ്പം.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്ര പ്രസാദ്, ജനറല്‍ സെക്രട്ടറി മണക്കാട് സുരേഷ്, സേവാദള്‍ ജില്ലാ പ്രസിഡന്റ് ജോര്‍ജ് ലൂയിസ്,പാളയം ഉദയകുമാര്‍,ബസന്ത് ലാല്‍,സ്റ്റെഫി ജോര്‍ജ്ലൂയിസ്, നൗഷാദ്, ജോണി,ഷിബു തുടങ്ങിയവര്‍ പങ്കെടുത്തു.