മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി (48) അന്തരിച്ചു. കഴിഞ്ഞ ദിവസം സച്ചിയ്ക്ക് നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തിരുന്നു. ആദ്യശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ടാമത്തേതിനായി അനസ്‌തേഷ്യ നല്‍കിയപ്പോള്‍ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. മറ്റൊരു ആശുപത്രിയില്‍ നടത്തിയ ഹിപ് റീപ്ലേസ്‌മെന്റ് ശസ്ത്രക്രിയയ്ക്കു ശേഷമാണ് ഹൃദയാഘാതം സംഭവിച്ചത്. കോളേജ് പഠനകാലത്ത് ഫിലിം സൊസൈറ്റിയിലും നാടക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു സച്ചി. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിനിമ പഠിക്കാന്‍ ആയിരുന്നു ആഗ്രഹമെങ്കിലും കുടുംബത്തിന്റെ അനുവാദം ഉണ്ടായിരുന്നില്ല. മുപ്പതോളം അമ്വച്ചര്‍ നാടകങ്ങള്‍ സംവിധാനം ചെയ്യുകയും, നൂറോളം വേദികളില്‍ നടനായി വേഷമിടുകയും ചെയ്തിട്ടുണ്ട്. നിയമബിരുദമെടുത്ത് ഹൈക്കോടതിയില്‍ വക്കീലായി പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് സേതുവുമായി സൗഹൃദത്തിലാകുന്നതും ഒരുമിച്ച് സിനിമ ചെയ്യാന്‍ പദ്ധതിയിട്ടതും.

2007-ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. പിന്നീട് റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ്ങ് ലൈസന്‍സ് എന്നീ സിനിമകള്‍ക്ക് തിരക്കഥയെഴുതി. അനാര്‍ക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങള്‍ എഴുതി സംവിധാനവും ചെയ്തിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഒരു പിടി നല്ല ചിത്രങ്ങള്‍ സമ്മാനിക്കാന്‍ സച്ചി-സേതു കൂട്ടുകെട്ടിനായിട്ടുണ്ട്. ഇനിയും ചെയ്യാനുള്ള എത്രയോ നല്ല കഥകള്‍ ബാക്കി വച്ചാണ് സച്ചി യാത്രയാകുന്നത്.