രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രി ഓഫീസ് കള്ളക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുണ്ടെന്ന ആരോപണം.അതിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനും പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐ.ടിയുടെ പൂര്‍ണ്ണ ചുമതലയുള്ള സെക്രട്ടറിയുമായ കണ്‍ഫേഡ് ഐ.എ.എസ് ഉദ്യോഗസ്ഥാനായ ശിവശങ്കറാണ്. വിവാദങ്ങളുടെ നായകനും മുഖ്യമന്ത്രി നടത്തിയ വിവാദ ഇടപാടുകളുടെ മുഖ്യ ആസൂത്രകനുമാണ് ശിവശങ്കര്‍. സ്പ്രിങ്കളര്‍ വികാരം ശക്തമായ രൂപത്തില്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തി കൊണ്ട് വന്നതാണ്. യു.എസ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന വിവാദ പി.ആര്‍ കമ്പനിയുമായി നടത്തിയ ഈ ഇടപാട് രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാണ്. ഇതേ കുറിച്ച് ഞാന്‍ വിശദമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല.ഏറ്റവും ഒടുവില്‍ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറുമായി(പി.ഡബ്ലു.സി) നടത്തിയ ഇലക്ട്രിക് ബസ്സ് ഇടപാടുകള്‍.ഇതെല്ലാം മുഖ്യമന്ത്രിയുടേയും വേണ്ടപ്പെട്ടവരുടേയും അറിവോടുകൂടിയാണ്.

ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷിക്കുന്ന സ്വപ്‌ന സുരേഷ് എന്ന വനിതയെ ഐ.ടി വകുപ്പില്‍ ഉന്നത പദവിയില്‍ എങ്ങനെ നിയമിച്ചു. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയത്. മുഖ്യമന്ത്രി വിശദീകരിക്കണം. ഐ.ടി വകുപ്പിന്റെ സ്‌പെയ്‌സ് പാര്‍ക്ക് ഓപ്പറേഷന്‍ മാനേജരായാണ് നിയമനം. മുഖ്യമന്ത്രി എത്ര നിസ്സാര ഭാവത്തിലാണ് ഈ നിയമനത്തെ കുറിച്ച് സായാഹ്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചത്. ഈ നിയമനത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.നാണക്കേടാണിത്. മുഖ്യമന്ത്രി അറിയാതെ ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനെപ്പോലും കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കേരളത്തിലെവിടേയും നിയമിച്ചിട്ടില്ല. സ്വപ്‌ന സുരേഷിന് ചെറിയ പദവിയിലല്ല നിയമനം നല്‍കിയത്. ഇവര്‍ക്ക് ഉയര്‍ന്ന ശമ്പളം മതിയായ ആനുകൂല്യവും നല്‍കി ഉന്നത പദവിയിലാണ് നിയമിച്ചത്. കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ ശരീരഭാഷ കണ്ണടച്ച് പാലുകുടിച്ച പൂച്ചയുടെ ഭാവമായിരുന്നു.ഒരായിരം ചോദ്യങ്ങള്‍ മുഖ്യമന്ത്രിക്കെതിരേയും അദ്ദേഹത്തിന്റെ ഓഫീസിനെതിരേയും ഉയരുകയാണ്. സംശയത്തിന്റെ സൂചിമുന മുഖ്യമന്ത്രിയിലേക്കാണ് നീളുന്നത്. വിവാദ നായിക സ്വപ്‌ന സുരേഷ് എ.കെ.ജി സെന്ററിലും മന്ത്രി ഓഫീസുകളിലും മേഞ്ഞുനടക്കുന്ന ആളാണെന്നാണ് വാര്‍ത്തകള്‍ വരുന്നത്. സി.പി.എം നേതാക്കളുമായി ഉറ്റബന്ധമാണുള്ളതെന്ന ആരോപണവും ഉയരുന്നുണ്ട്.

സംസ്ഥാനത്തെ പല ഉന്നത ഉദ്യോഗസ്ഥരുടെ ഗള്‍ഫ് യാത്രകളിലും സ്വപ്‌ന സുരേഷ് അനുഗമിച്ചിട്ടുണ്ട്. ഐ.ബിയുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നിരീക്ഷണത്തിലുള്ള വ്യക്തിയാണ് സ്വപ്‌ന.സ്വപ്‌ന സുരേഷിന്റെ മകള്‍ക്ക് എസ്.എഫ്.ഐയുമായി ബന്ധമുണ്ടോ?.മാര്‍ ഇവാനിയസ് കോളേജിലെ എസ്.എഫ്.ഐയുടെ ക്ലാസ് റെപ്പറസെന്റേറ്റീവാണോ?

കള്ളക്കടത്ത് സ്വര്‍ണ്ണം യു.എ.ഇയില്‍ നിന്നാണ് വന്നതെന്ന് വിവരം.ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണിത്. യു.എ.ഇയും ഇന്ത്യയും പ്രത്യേകിച്ച് കേരളവുമായി സുദൃഢവും ആത്മാര്‍ത്ഥവും ഊഷ്മളവുമായ ബന്ധമാണുള്ളത്. പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് അന്നം നല്‍കി രക്ഷിക്കുന്ന നാടാണ് യു.എ.ഇ. പ്രവസികളെയും യു.എ.ഇ ഭരണകൂടത്തെയും ഈ സംഭവം അപമാനപ്പെടുത്തി.ഇത് വലിയ അന്താരാഷ്ട്ര പ്രശ്‌നമായി വളരാന്‍ പോകുകയാണ്.ഇത് ലജ്ജകരമാണ്.

നയതന്ത്ര ബാഗേജില്‍ പത്തു തവണ സ്വര്‍ണ്ണം ഒളിച്ചുക്കടത്തി എന്നാണ് പറയപ്പെടുന്നത്. ഈ സ്വര്‍ണ്ണം ആര്‍ക്കാണ് കൈമാറിയത്.എത്ര കമ്മീഷനാണ് ഇതുവഴി സി.പി.എമ്മിനും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ലഭിച്ചത്.ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാരെപ്പോലെ തന്നെ ഏതൊക്കെ ഐ.പി.എസ്. ഉദ്യോഗസ്ഥരാണ് സ്വപ്‌ന സുരേഷിനെ ഇടയ്ക്കിടയ്ക്ക് ബന്ധപ്പെടാറുള്ളത്.

മുഖ്യമന്ത്രി ‘സ്വപ്ന’ ലോകത്താണ്. എല്ലാം വാരിപിടിക്കാനുള്ള ഓട്ടത്തിലാണ്. തുടരെ എത്ര ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ഈ കള്ളക്കടത്തിന്റെ മുഴുവന്‍ രഹസ്യങ്ങളും പുറത്ത് കൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ സാധിക്കൂ.

ബി.ജെ.പിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെടാനുള്ള ഒറ്റക്കാര്യം ദയവായി സി.ബി.ഐയ്ക്ക് സ്വതന്ത്രവും നീതിപൂര്‍വ്വവുമായി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുന്ന ഒരു സമാന്തര സമ്പദ് വ്യവസ്ഥയാണ് ഇവിടെ വളരുന്നത്. അതിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയുടെ ഓഫീസാണെന്നത് ഭയാനകമായ അന്തരീക്ഷമാണ് സൃഷ്ടിക്കപ്പെടുന്നത്. ബി.ജെ.പി. കേരളത്തില്‍ ചുവുടറപ്പിക്കാനായി സി.പി.എമ്മുമായി ബന്ധപ്പെട്ട് ഈ കേസില്‍ കള്ളക്കളി നടത്തരുത്. നേരത്തെ ലാവിലിന്‍ കേസില്‍ ബി.ജെ.പിയും സി.പി.എമ്മും ഒളിച്ചുകളി നടത്തിയതാണ്.

ഈ കേസ് സി.ബി.ഐയ്ക്ക് വിടുന്നതോടൊപ്പം 1976 കൊഫെപോസാ (കണ്‍സര്‍വേഷന്‍ ഓഫ് ഫോറിന്‍ എക്‌സ്‌ചേഞ്ച് ആന്റ് പ്രിവന്‍ഷന്‍ ഓഫ് സ്മഗ്ലിങ് ആക്ട്) നിയമ പ്രകാരം കേസെടുക്കുകയും മുഖ്യമന്ത്രിയെ കേസിന്റെ പരിധിയില്‍ കൊണ്ടുവരുകയും ചെയ്യണം. അഞ്ച് ദിവസത്തിനകം അന്വേഷണം അല്ലെങ്കില്‍ പരമാവധി പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് പറയുന്നത്. ഇനി ഒരു നിമിഷം പാഴാക്കാനില്ല.

സ്വപ്‌ന സുരേഷ് ഇപ്പോള്‍ ഒളിവിലാണ്. ആരാണ് അവര്‍ക്ക് സംരക്ഷണ കവചം ഒരുക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഉത്തരം നല്‍കണം. പ്രഗല്‍ഭരായ ഒരുപാട് ഉദ്യോഗസ്ഥര്‍ കേരള പോലീസിലുണ്ട്.അവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അവസരം നല്‍കണം.

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ ഓഫീസിന്റെയും ഇടപെടലുകളെ കുറിച്ച് സമഗ്രവും നീതീപൂര്‍വ്വമായി സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി ബൂത്ത് തലത്തില്‍ ജൂലൈ 8ന് കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണയും മറ്റുസമരപരിപാടികളും സംഘടിപ്പിക്കും. കോവിഡിന്റെ പേരുപറഞ്ഞ് കൊണ്ട് കേരളീയ പൊതുസമൂഹത്തിന്റെ വായടയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കരുത്.അത് അംഗീകരിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.