തിരുവനന്തപുരം : ദേശ സുരക്ഷ മുൻനിർത്തി ഉള്ള കേസായതിനാൽ എൻ ഐ എ കേരളത്തിലെ വിവാദ സ്വർണക്കടത്തു കേസ് അന്വേഷിക്കും . എൻ ഐ എ അന്വേഷിക്കുന്നതോടെ കേസിനു രാജ്യസുരക്ഷയും ,രാജ്യദ്രോഹവും വിഷയമാകും .കേസെടുക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എ ക്ക് അനുമതികൊടുത്തു .ഇനി കസ്റ്റംസിനെ കൂടാതെ എൻ ഐ എ യും കേരളത്തിൽ ഇതുവരെ നടന്നതിൽ വച്ചേറ്റവും വലിയ സ്വർണക്കടത്തു കേസ് അന്വേഷിക്കും .വിവിധ കേന്ദ്ര ഏജൻസികൾ സ്വർണക്കടത്തു കേസിനെ സംബന്ധിച്ച് കൂടിയാലോചന നടത്തി,ഇതുവരെയുള്ള പുരോഗതി ചർച്ച ചെയ്തു . മുഖ്യമന്ത്രിയുടെ സെക്രട്ടറി ആയിരുന്ന ശിവശങ്കർ സ്വർണക്കടത്തു കേസിലെ കുറ്റക്കാർക്കൊപ്പം പങ്കാളിത്തം വരുന്ന രീതിയിൽ ബന്ധപ്പെട്ടിരുന്നു എന്നത് പരിഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിവശങ്കരനെ പുറത്താക്കിയത് .എന്നാൽ വിവാദങ്ങളും അന്വേഷണവും മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും എത്തിച്ചിരിക്കുകയാണ് പ്രതിപക്ഷവും ബി ജെ പിയും .സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷ നാളെ പരിഗണിക്കും .
ശിവശങ്കരനെ മുഖ്യമന്ത്രിക്ക് പേടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു . സ്വപ്നയുടെ ശബ്ദരേഖ മുഖ്യമന്ത്രിക്കുവേണ്ടിയുള്ള സത്യവാങ്മൂലമാണെന്നു വ്യക്തമാണെന്നും രമേശ് പറഞ്ഞു .ഒളിവിൽ കഴിയുന്ന പ്രതി എങ്ങനെ ശബ്ദസന്ദേശം പുറത്തിറക്കി എന്നതും അതിന്റെ ആധികാരികതയെ കുറിച്ചും അന്വേഷിക്കണം രമേശ് ആവശ്യപ്പെട്ടു .കേരളത്തിലെ പോലീസിന്റെ സംരക്ഷണത്തിലാണ് സ്വപ്ന കഴിയുന്നതെന്നും രമേശ് ആരോപിച്ചു .