കുറച്ചു നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോൺഗ്രസിൽ വിമതശല്യം.ഇത്തവണ രാജസ്ഥാനിലാണ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിൽ കലാപം .ഭാവിയിൽ ദേശീയ നേതൃത്വത്തിൽ കോൺഗ്രസിന് മുതൽക്കൂട്ടാകും എന്ന് കരുതപ്പെട്ടിരുന്ന ഒരു നേതാവാണ് സച്ചിൻ പൈലറ്റ്.ഇരുന്നൂറ് അംഗ നിയമസഭയിൽ പതിനാറ് നിയമസഭാ സാമാജികരെ കൂടെനിർത്തിയാണ് ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വിമത നീക്കം .തന്റെ കൂടെ നിൽക്കുന്ന എം എൽ എ മാരെ ഡൽഹിയിലെത്തിച്ചിരിക്കുകയാണ് സച്ചിൻ.മൂന്നു സ്വതന്ത്രരും സച്ചിനെ പിന്തുണയ്ക്കുന്നതായാണ് വിവരം.
ഏറെ നാളായി രാജസ്ഥാനിലെ കോൺഗ്രസിൽ നേതൃത്വ പ്രശ്നങ്ങൾ വർത്തയിലുണ്ടായിരുന്നു .മധ്യപ്രദേശിലെ ജ്യോതിരാദിത്യ കോൺഗ്രസിനെ വിട്ടു പോയപ്പോഴും അടുത്തത് സച്ചിൻ എന്ന് വാർത്തകളുണ്ടായിരുന്നു .കോൺഗ്രസ് എം എൽ എ മാർക്ക് ബി ജെ പി ഇരുപത്തഞ്ചു കോടി രൂപ വച്ച് വാഗ്ദാനം ചെയ്തിരിക്കുന്നു , തന്റെ സർക്കാരിനെ മറിച്ചിടാൻ അവർ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഇന്നലെ ആരോപിച്ചു .
സച്ചിൻ പൈലറ്റ് ഒരു പ്രാദേശിക പാർട്ടി ഉണ്ടാക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത് .സച്ചിന്റെ വിമത നീക്കങ്ങളെ കാര്യമായി ബി ജെ പി പിന്തുണയ്ക്കുന്നില്ല. അതിനു കാരണം തന്നെ മുഖ്യമന്ത്രിയാക്കണം എന്ന സച്ചിന്റെ ആവശ്യമാണ് .നാൽപ്പത് എം എൽ എ മാരുമായി വരൂ എന്നാണു ബി ജെ പി സച്ചിനോട് പറയുന്നത് .സച്ചിന്റെ കൂടെ ഉണ്ടായിരുന്ന മൂന്നു എം എൽ എ മാർ തിരിച്ചുപോയതായും വാർത്തയുണ്ട് .സച്ചിൻ പൈലറ്റുമായി സംസാരിച്ചിട്ടില്ല എന്ന് ബി ജെ പി പ്രതികരിച്ചു .
ഇരുന്നൂറ് അംഗ നിയമസഭയിൽ കോൺഗ്രസിന് നൂറ്റിയേഴ് അംഗങ്ങളാണ് രാജസ്ഥാനിൽ ഉള്ളത് . ബി ജെ പിക്ക് എഴുപത്തിരണ്ടും.പതിമൂന്നു സ്വതന്ത്രരും നിയമസഭയിലുണ്ട് . മുഖ്യമന്ത്രിയാകണം എന്ന സച്ചിന്റെ ആഗ്രഹമാണ് പ്രശ്നങ്ങൾക്ക് കാരണം .തല്ക്കാലം ഗെഹ്‌ലോട്ട് മന്ത്രിസഭയെ അസ്ഥിരപ്പെടുത്താൻ സച്ചിനാകില്ല .മികച്ച രാഷ്ട്രീയ പരിചയമുള്ള നേതാവും തന്ത്രജ്ഞനുമാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. അദ്ദേഹത്തിൽ വിശ്വാസമർപ്പിച്ചാണ് കോൺഗ്രസ് ദേശീയ നേതൃത്വം മുന്നോട്ടു പോകുന്നത് .