കോൺഗ്രസിന്റെ ഹിന്ദി ഹൃദയഭൂമിയിലെ കരുത്തരായ മുൻനിര നേതാക്കളിൽ രണ്ടു പേരെ മാസങ്ങളുടെ ഇടവേളയിൽ കോൺഗ്രസിന് നഷ്ടമായിരിക്കുന്നു. ആദ്യം ജ്യോതിരാദിത്യ , ഇത്തവണ രാജസ്ഥാനിൽ നിന്നും സച്ചിൻ പൈലറ്റ് ആണ് വിമത വേഷം കെട്ടി ആടുന്നത് .ഇരുപത്തിയാറാം വയസ്സിൽ കോൺഗ്രസ് ടിക്കറ്റിൽ എം പി ആയി .മുപ്പത്തിയൊന്നാം വയസ്സിൽ കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രി.നാൽപ്പതാം വയസ്സിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി എന്നീ സ്ഥാനങ്ങൾ ലഭിച്ച വ്യക്തി പരാതിപ്പെടുന്നത് അടങ്ങാത്ത അധികാരക്കൊതി അല്ലെങ്കിൽ തൻപോരിമ എന്നിവയിലേക്കാണ് വിരൽ ചൂണ്ടുന്നത്. വെറും മുപ്പത്താറു വയസ്സുള്ളപ്പോൾ സച്ചിനെ രാജസ്ഥാൻ പ്രദേശ് കമ്മറ്റിയുടെ അധ്യക്ഷനായും കോൺഗ്രസ് നിയോഗിക്കുകയുണ്ടായി. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് ക്ഷമയോടെ കാത്തിരിക്കണമെന്നും രാജസ്ഥാനിലെ പാർട്ടിയുടെ ഭാവിയിലെ നേതൃത്വം സച്ചിനാണ് എന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടും സച്ചിന് തൃപ്തിയായില്ല .
ബി ജെ പിയിലേക്ക് പോകില്ല എന്നും ,താൻ ഇപ്പോഴും കോൺഗ്രസിലാണ് എന്ന സച്ചിന്റെ പ്രതികരണത്തോടെ എങ്ങനെയും അദ്ദേഹത്തെ പാർട്ടിയിൽ തന്നെ നിലനിർത്താൻ പെടാപ്പാടു പെടുകയാണ് കോൺഗ്രസ് .സച്ചിനെ അനുനയിപ്പിക്കാൻ സോണിയ അഹഹമ്മദ് പട്ടേലിനെ ചുമതലപ്പെടുത്തി .സച്ചിനെതിരെയുള്ള പ്രതികരണങ്ങളോ പ്രസ്താവനകളോ നടത്തരുത് എന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനോട് നിർദ്ദേശിച്ചിട്ടുമുണ്ട് .പ്രിയങ്കയും അഹമ്മദ്പട്ടേലും സച്ചിൻ പൈലറ്റുമായി ആശയവിനിമയം നടത്തുന്നുണ്ട് .ബി ജെ പിയുമായി പൊരുതേണ്ട സമയത്ത് കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ലുന്നതും ഒരു മന്ത്രിസഭയെ തന്നെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യം ഉണ്ടാകുന്നതും പ്രവർത്തകരെ നിരാശപ്പെടുത്തുന്നുണ്ട് . സച്ചിൻ -ഗെഹ്ലോട്ട് പ്രശ്നം മുതലെടുക്കാനാകുമോ എന്ന് ബി ജെ പി നോക്കുന്നുണ്ട് .