അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ അവസാന ചിത്രം ദില്‍ ബേച്ചാര ആദ്യ ദിവസം മാത്രം കണ്ടത് 95 മില്ല്യണ്‍ ആളുകള്‍. തീയേറ്റര്‍ റിലീസ് ആയിരുന്നെങ്കില്‍ 2000 കോടി രൂപയുടെ ഓപ്പണിംഗ് ആണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഈമാസം 24ന് ഡിസ്‌നി ഹോട്ട്‌സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്തത്.ഇന്ത്യന്‍ തിയേറ്ററുകളിലെ ശരാശരി ടിക്കറ്റ് നിരക്ക് 100 രൂപയായി കണക്കാക്കിയാല്‍ 95  മില്ല്യണ്‍ കാഴ്ചക്കാര്‍ ആദ്യദിവസം സിനിമ കണ്ടാല്‍ 950 കോടി രൂപയുടെ ഓപ്പണിംഗ് ഉണ്ടാവും. പല മള്‍ട്ടിപ്ലെക്‌സുകളിലും ടിക്കറ്റ് നിരക്ക് ഇതില്‍ കൂടുതലായതിനാല്‍ 2000 കോടിയ്ക്കും ഇടയിലാകും ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നെങ്കില്‍ നേടുമായിരുന്നതെന്നും അനലിസ്റ്റിക് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

 ജോണ്‍ ഗ്രീനിന്റെ പ്രസിദ്ധമായ നോവല്‍ ദ ഫാള്‍ട്ട് ഇന്‍ അവര്‍ സ്റ്റാര്‍സിന്റെ ഹിന്ദി പതിപ്പാണ് ദില്‍ ബേച്ചാര. പുസ്തകത്തിന്റെ ഹോളിവുഡ് പതിപ്പില്‍ പ്രഥാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത് ഷൈലിന്‍ വൂഡ്‌ലിയും അന്‍സല്‍ ഇഗോര്‍ട്ടുമായിരുന്നു. മെയ് എട്ടിന് ചിത്രം തിയേറ്ററിലെത്തേണ്ടതായിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രം നീട്ടേണ്ടി വരികയായിരുന്നു. സുശാന്തിന്റെ മരണത്തിനു പിന്നാലെ ചിത്രം ഒടിടി ഫാളാറ്റ് ഫോമില്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിക്കുകയായിരുന്നു. ചിത്രത്തിന്റെ ഈ വിജയം കാണാന്‍ സുശാന്ത് ഇപ്പോള്‍ ഇല്ലെന്ന യാഥാര്‍ത്ഥ്യം പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.