തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ-അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പദ്ധതിയെക്കുറിച്ച് സമഗ്രമായ പുനഃപരിശോധന വേണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ ബഹു. മുഖ്യമന്ത്രിക്കയച്ച കത്ത്.
പ്രിയപ്പെട്ട ,
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി,
തിരുവനന്തപുരം-കാസര്‍ഗോഡ് അര്‍ദ്ധ-അതിവേഗ റെയില്‍പാതയായ സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യാപകമായ ആശങ്കകളും ആക്ഷേപങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. നിര്‍ദ്ദിഷ്ടപദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വകാര്യങ്ങളെക്കുറിച്ചും സമഗ്രമായ പുനഃപരിശോധന ആവശ്യമാണ്. വസ്തുതകള്‍ സത്യസന്ധമായി പരിശോധിച്ചാല്‍ ആര്‍ക്കും അതിന്റെ അനിവാര്യത ബോധ്യപ്പെടുന്നതുമാണ്.
വികസനപദ്ധതികള്‍ നമുക്ക് ആവശ്യമാണ്. പക്ഷെ അത് ജനഹിതം മാനിച്ചുകൊണ്ട് തികച്ചും സുതാര്യമായും നിയമാനുസൃതമായും നടപ്പിലാക്കുകയാണ് ശരിയായ രീതി.
നിര്‍ഭാഗ്യവശാല്‍ ഈ പദ്ധതിസംബന്ധിച്ച് നിയമപരമായും ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടും നടത്തേണ്ട പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനങ്ങളോ അതുമായിബന്ധപ്പെട്ട പബ്ലിക്ഹിയറിംങ്ങോ നടത്തിയിട്ടില്ലാത്തത് ഗുരുതരമായ വീഴ്ചയാണ്.
പദ്ധതിയുടെ ഭാഗമായിട്ടുള്ള സ്ഥലംഏറ്റെടുക്കല്‍, അതെത്രപേരെയാണ് പ്രതികൂലമായി ബാധിക്കുക, അവര്‍ക്ക് എന്തെല്ലാം കഷ്ടനഷ്ടങ്ങളുണ്ടാകും, അവരുടെയെല്ലാം തൃപ്തികരമായ പുനഃരധിവാസം, ന്യായമായ നഷ്ടപരിഹാരം തുടങ്ങിയകാര്യങ്ങളെക്കുറിച്ച് വസ്തുനിഷ്ഠമായ പഠനവും പരിശോധനയുമാണ് വേണ്ടത്. അതൊന്നും യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ഫലപ്രദമായി നടത്തിയിട്ടില്ലെന്നത് അതീവ ദുഃഖകരമാണ്.
ആകാശസര്‍വ്വേയിലൂടെയാണ് അലെയ്‌മെന്റ് നിശ്ചയിച്ചയിച്ചതെന്നുകാണുന്നു. കേവലം ആറുദിവസംകൊണ്ടാണത്രെ ഇത്രയും ബൃഹത്തായ ഒരു പദ്ധതിയുടെ സര്‍വ്വേ പൂര്‍ത്തിയാക്കിയത്.
ഭൂമിയിലേയ്ക്കിറങ്ങിച്ചെന്ന് കൃത്യമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ട് ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് സാധ്യതാപഠനം നടത്താതെ ഇപ്പോഴത്തെ അടങ്കല്‍തുക നിശ്ചയിച്ചതുതന്നെ ഈ പദ്ധതിനടത്തിപ്പിലെ പാളിച്ചകള്‍ വ്യക്തമാക്കുന്നു.
പദ്ധതികള്‍ക്ക് എളുപ്പത്തില്‍ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി പദ്ധതിച്ചെലവ് ചുരുക്കിക്കാണിക്കുകയും നേട്ടങ്ങള്‍ പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന കണ്‍സള്‍ട്ടന്‍സികളുടെയും അവരുടെ കെണിയില്‍ വീണുപോകുന്ന ഉദ്യോഗസ്ഥരുടെയും സ്ഥിരം പതിവുശൈലിതന്നെയാണ് ഇതിലും കാണുന്നതെന്നസത്യം പറയാതിരിക്കാനാവില്ല.
നമ്മുടെ അഭിമാനപദ്ധതിയായ ദേശീയപാത വികസനത്തില്‍ പറ്റിയതെറ്റ് ഇപ്പോഴും സര്‍ക്കാര്‍ തിരുത്തിയില്ലെന്നത് കൃത്യവിലോപം തന്നെയാണ്.
എത്രമാത്രം യാഥാര്‍ഥ്യബോധമില്ലാതെയാണ് കണ്‍സള്‍ട്ടന്‍സികള്‍ ഫീസിബിലിറ്റി സ്റ്റഡി നടത്തുന്നതെന്നത് ഒരൊറ്റ ഉദാഹരണം കൊണ്ടുതന്നെ ഏവര്‍ക്കും ബോധ്യപ്പെടുന്നതാണ്.
എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഇടപ്പള്ളിമുതല്‍ രാമനാട്ടുകരവരെയുള്ള 167 കിലോമീറ്റര്‍ദൂരം ദേശീയപാത വികസനത്തിനായി ‘ഫീഡ്ബാക്ക് ഇന്‍ഫ്ര’എന്ന കണ്‍സള്‍ട്ടന്‍സി തയ്യാറാക്കിയ പദ്ധതിച്ചെലവ് കേവലം 585.31 കോടി രൂപ മാത്രമാണ്. എന്നാല്‍ എറണാകുളം ജില്ലയിലെ ദേശീയപാത സ്ഥലം ഏറ്റെടുക്കുന്നതിനുമാത്രം 1690 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടിവരുമെന്നാണ് കോമ്പിറ്റന്റ് അതോറിറ്റിയായ ഡെപ്യൂട്ടികളക്ടര്‍ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇത് എറണാകുളം ജില്ലയ്ക്കുമാത്രമായിട്ടാണെന്നോര്‍ക്കണം.
മലപ്പുറം ജില്ലയില്‍ മാത്രമായി ദേശീയപാത വികസനത്തിനുവേണ്ടി ഭൂമിഏറ്റെടുക്കുന്നതിന് 4500 കോടി രൂപ ചെലവ് വരുമെന്ന് 13/07/2020 ലെ മലപ്പുറം വാര്‍ത്തയായി ദേശാഭിമാനി പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പ്പെടുത്തുന്നു.
ഇതെല്ലാം തെളിയിക്കുന്നത് പദ്ധതികള്‍ക്കായി നിയോഗിക്കപ്പെടുന്ന കണ്‍സള്‍ട്ടന്‍സികളുടെ കണക്കുകള്‍ തട്ടിക്കൂട്ടി തയ്യാറാക്കിയതാണെന്ന വസ്തുതയാണ്.
അതിവേഗ റെയില്‍പാതയുടെ ഭൂമിഏറ്റെടുക്കുന്നതുള്‍പ്പെടെയുള്ള ചെലവുകള്‍ കണക്കാക്കിയിട്ടുള്ളത് യഥാര്‍ത്ഥസ്ഥിതി കണക്കിലെടുത്തുകൊണ്ടല്ലെന്നത് വ്യക്തമാണ്. സ്ഥലം ഏറ്റെടുക്കുന്നതിനുതന്നെ ഇപ്പോള്‍ കാണിച്ചതിന്റെ എത്രയോഇരട്ടി തുക വേണ്ടിവരുമെന്നതില്‍ യാതൊരു സംശയവുമില്ല.
പാരിസ്ഥിതിക, സാമൂഹ്യ ആഘാത പഠനങ്ങള്‍ കൃത്യമായും സുതാര്യമായും നടത്താത്തത് എന്തുകൊണ്ടാണെന്നാണ് സ്വാഭാവികമായും ഉയരുന്നചോദ്യം. ഇതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഉത്തരം പറയണം. തെറ്റ് തിരുത്തിയേ മതിയാകൂ.
മഹാപ്രളയത്തിന്റെയും തുടര്‍പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തില്‍ വികസനപദ്ധതികളൊക്കെ പാരിസ്ഥിതിക സൗഹൃദമായിരിക്കുമെന്ന ബഹു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തന്നെ ജലരേഖയായി മാറുന്നസ്ഥിതിയാണ് കാണുന്നത്.
135 കിലോമീറ്റര്‍ നീളത്തിലും 20 മീറ്റര്‍ വീതിയിലും നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തുന്നതും, മൂവായിരം ഏക്കര്‍ കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതും ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തില്‍പോലും ഉണ്ടായിട്ടില്ലെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. അവശേഷിക്കുന്ന നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നഷ്ടപ്പെടുന്നത് പകരംവയ്ക്കാനാകാത്തതാണെന്നതില്‍ ആര്‍ക്കും സംശയമുണ്ടാകില്ലല്ലോ. തൃശ്ശൂര്‍ ജില്ലയിലെ കോള്‍കൃഷി മേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തികച്ചും ആശങ്കാജനകമാണ്.
ഇതിനെല്ലാം പുറമെ ഈ പദ്ധതിയ്ക്കുവേണ്ടി ഭൂമി ഏറ്റെടുക്കാന്‍ പുറംകരാറുകാരെ ഏല്‍പ്പിക്കുന്നത് വിചിത്രമായിരിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ ഓഫീസുകള്‍ മാത്രം മതിയെന്നും മറ്റുനടപടികള്‍ക്കായി പുറംകരാറിലൂടെ നേരത്തേവിരമിച്ച ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിക്കാമെന്ന അഭിപ്രായം ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. തന്നെയുമല്ല പുറംകരാറിലൂടെ വരുന്നവര്‍ക്ക് വില്ലേജ്, താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റുകളിലും കടന്ന്‌ചെല്ലാനും ഔദ്യോഗിക രേഖകള്‍ കൈകാര്യംചെയ്യാനും അവസരമുണ്ടാക്കുന്നത് അതി ഗുരുതരമായ തെറ്റുതന്നെയാണ്.
ആരോടും യാതൊരു ബാധ്യതയുമില്ലാത്ത ഇത്തരക്കാരുടെ പ്രവൃത്തിദോഷങ്ങള്‍ക്ക് ആര് സമാധാനം പറയും? അതിനാല്‍ ഈ തെറ്റ് തിരുത്തിയേ മതിയാകൂ.
ഇത്തരത്തിലുള്ള തലതിരിഞ്ഞ നടപടികളുമായി ഈ പദ്ധതി ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നത് ഏവര്‍ക്കും തിരിച്ചറിയാവുന്നതാണ്.
കോവിഡ് പ്രോട്ടോക്കോള്‍ നിലവിലുള്ള ഈ സാഹചര്യത്തിലും നിരവധി സ്ഥലങ്ങളില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന പ്രതിഷേധങ്ങള്‍ ഉയരുന്നത് കണ്ടില്ലെന്ന് നടിക്കരുത്. അതുകൊണ്ട് ഇക്കാര്യത്തില്‍ താഴെപറയുന്ന കാര്യങ്ങളില്‍ അടിയന്തിര നടപടികള്‍ ഉണ്ടാവണമെന്ന് താല്‍പര്യപ്പെടുന്നു.
- കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുള്ള വിശ്വാസ്യതയുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ നിയമപ്രകാരമുള്ള പാരിസ്ഥിതിക-സാമൂഹ്യ ആഘാത പഠനങ്ങളും പരിശോധനകളും നടത്തണം.
- നിയമാനുസൃതമായ പബ്ലിക് ഹിയറിംഗ് അതാതു സ്ഥലങ്ങളില്‍ ജനങ്ങളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ട് നടത്തണം.
- കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളെ പ്രയോജനപ്പെടുത്തിക്കൊണ്ട് സത്യസന്ധവും യാഥാര്‍ത്ഥ്യബോധത്തോടുകൂടിയതുമായ ഫീസിബിലിറ്റി സ്റ്റഡികളും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കണം. ഈകാര്യത്തില്‍ നാമെല്ലാം ആദരിക്കുന്ന ഇ.ശ്രീധരന്റെ ഉപദേശങ്ങളും സേവനങ്ങളും ലഭ്യമാക്കേണ്ടതും അനിവാര്യമാണ്.
- ആകാശസര്‍വ്വേയുടെ അടിസ്ഥാനത്തിലുള്ള അലെയ്ന്‍മെന്റും ഡി.പി.ആറും തള്ളിക്കളയണം.
- അലെയ്ന്‍മെന്റ്, ഡി.പി.ആര്‍ തുടങ്ങിയവ സംബന്ധിച്ച് അതാത് ജില്ലകളില്‍ എം.പി.മാര്‍., എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത്-നഗരസഭാംഗങ്ങള്‍ തുടങ്ങിയവരുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മന്ത്രിമാര്‍ ചര്‍ച്ചനടത്തണം. ഇതിനായി ഓരോജില്ലയ്ക്കും ഓരോമന്ത്രിയെ ചുമതലപ്പെടുത്തുന്നത് ഉചിതമായിരിക്കും.
- അവിടെ ഉരുത്തിരിയുന്ന ഉചിതമായ അഭിപ്രായങ്ങള്‍കൂടി കണക്കിലെടുത്തുകൊണ്ട് അലെയ്ന്‍മെന്റിലും ഡി.പി.ആറിലും മാറ്റംവരുത്തണം.
- മഹാവിപത്തായ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്തിനകത്തും പുറത്തും ഉണ്ടായിട്ടുള്ള സാമ്പത്തിക തകര്‍ച്ച വിലയിരുത്തിക്കൊണ്ട് എങ്ങനെ ഈ പദ്ധതിയ്ക്കുവേണ്ട ധന സമാഹരണം നടത്താനാകുമെന്ന് അതീവ ഗൗരവത്തോടെ പരിശോധിക്കണം.
വസ്തുനിഷ്ടമായ പരിശോധനയും പഠനങ്ങളും നടത്തിയാല്‍ ഇപ്പോഴത്തെ പ്രോജക്ട് റിപ്പോര്‍ട്ട് സ്വാഭാവികമായും മാറും. അതനുസരിച്ച് നിലവിലെ അടങ്കല്‍ തുകയായ 63941 കോടിരൂപ ഇരട്ടികളായി വര്‍ദ്ധിക്കും. ഇപ്പോള്‍ത്തന്നെ കടക്കെണിയില്‍പ്പെട്ട് നട്ടം തിരിയുന്ന സംസ്ഥാനം ഈ പദ്ധതിയ്ക്കുവേണ്ടി ലഭ്യമാക്കുന്ന വായ്പകളെല്ലാം എങ്ങനെ തിരിച്ചടയ്ക്കും എന്നകാര്യത്തില്‍ കൃത്യതയും വ്യക്തതയും വരുത്തണം.
ഈ പദ്ധതിയുടെകാര്യത്തില്‍ ശാസ്ത്രസാഹിത്യപരിഷത്ത് ഉയര്‍ത്തിയിട്ടുള്ള അഭിപ്രായങ്ങളും ആശങ്കകളും താങ്കളുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്ന് കരുതുന്നു.
ഇക്കാര്യങ്ങളൊക്കെ അവഗണിച്ചുകൊണ്ട് ഏകപക്ഷീയമായ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് വികസനത്തിന്റപേരില്‍ മുന്നോട്ടുപോയാല്‍ വലിയ തിരിച്ചടിയായിരിക്കും ഫലം.
സ്നേഹപൂർവ്വം
വി . എം.സുധീരന്‍.