കൊച്ചി: ഇന്ത്യന്‍ മുളകിന്റെ കരുത്തില്‍ രാജ്യത്തെ സുഗന്ധവ്യഞ്ജന കയറ്റുമതി ആദ്യപാദം 35 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ കാലയളവില്‍ കയറ്റുമതി മൂല്യം 4589.14 കോടി രൂപയായി വളര്‍ന്നു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യം സുഗന്ധവ്യഞ്ജന കയറ്റുമതി 2,27,938 ടണ്‍ ആയിരുന്നത് ഇപ്പോള്‍ 3,06,990 ടണ്ണാണ്. മുളകാണ് ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെട്ടത്. 1,198 കോടി രൂപ മൂല്യമുള്ള 1,33,000 ടണ്‍ മുളകാണ് കയറ്റുമതി ചെയ്തത്.
അന്താരാഷ്ട്ര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഉത്പന്നമാണ് മുളക്. ഇന്ത്യയ്ക്ക് ഈ ആവശ്യത്തിനനുസരിച്ച് മുളക് കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് സ്പൈസസ് ബോര്‍ഡ് ചെയര്മാന് ഡോ. എ. ജയതിലക് പറഞ്ഞു. വെളുത്തുള്ളി കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാന്‍ ബോര്‍ഡ് എടുക്കുന്ന നടപടികളും കയറ്റുമതിയെ സഹായിച്ചിട്ടുണ്ട്. അളവിലും മൂല്യത്തിലും ഏറ്റവുമധികം വര്‍ധനയുണ്ടായതും വെളുത്തുള്ളിക്കാണ്. വെളുത്തുള്ളിയുടെ മൂല്യത്തില്‍ 107 ശതമാനത്തിന്റെയും അളവില്‍ 169 ശതമാനത്തിന്റെയും വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
പെരുംജീരകത്തിന്റെ കയറ്റുമതി ആഗോളതലത്തില്‍ 13,250 ടണ്ണാണ്. അളവില്‍ 92 ശതമാനത്തിന്റെയും മൂല്യത്തില്‍ 49 ശതമാനത്തിന്റെയും വര്‍ധനയാണ് പെരുംജീരകത്തിനുണ്ടായത്. കടുക്, തക്കോലം, അയമോദകം തുടങ്ങിയവയുടെ കയറ്റുമതി അളവില്‍ 83 ശതമാനം വളര്‍ച്ച നേടി. ഏലം കയറ്റുമതിയില്‍ 134.55 കോടി രൂപയാണ് വരുമാനം ലഭിച്ചത്. 1220 ടണ്‍ ഏലം കയറ്റുമതി ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇത് 1,206 ടണ്ണായിരുന്നു. 10 ശതമാനത്തിന്റെ വര്‍ധനയാണ് ഏലത്തിനുണ്ടായത്.
ഇഞ്ചിയുടെയും പുതിന ഉത്പന്നങ്ങളുടെയും കയറ്റുമതിയിലും ഗണ്യമായ വര്‍ധനയുണ്ടായി. സംസ്കരിച്ച മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും കയറ്റുമതി വിപണിയില്‍ മികച്ച ഡിമാൻഡുണ്ട്. കറിപ്പൊടി, പേസ്റ്റ്, സുഗന്ധവ്യഞ്ജന എണ്ണ, സത്ത് എന്നിവയുടെ അളവിലെല്ലാം വർധനയുണ്ടായിട്ടുണ്ട്.