ലോകത്തെ നിന്ദിച്ചുകൊണ്ടും ജീവിക്കാം, ഈശ്വരനെ സ്തുതിച്ചുകൊണ്ടും ജീവിക്കാം. നാം ഏതൊന്നിനെയാണോ വിദ്വേഷത്തോടെ നിന്ദിച്ചുകൊണ്ടിരിക്കുന്നത് അതിനോട് നാം ബന്ധം സ്ഥാപിച്ചിരിക്കുന്നു എന്നർത്ഥം. ആ സ്ഥാനത്ത് നാം ഈശ്വരനോടാണ് ബന്ധം സ്ഥാപിച്ചിപിച്ചിരിക്കുന്നതെങ്കിലോ? പിന്നെ നിന്ദിക്കാനായൊന്നും ഉണ്ടായെന്നു വരില്ല. നിന്ദയും സ്തുതിയും അവനവൻറെ ഉള്ളിൽ നിന്നാണ് വരുന്നത്. തങ്ങളുടെ ആവശ്യങ്ങൾക്കും ഇഷ്ടത്തിനും അനുസരിച്ച് ലോകം പെരുമാറാതിരിക്കുമ്പോൾ നാം ലോകത്തെ നിന്ദിക്കുന്നു. മറിച്ച് അനുകൂലമാണെങ്കിൽ സ്തുതിക്കുകയും ചെയ്യും. സ്വാർത്ഥതയാണ് ഇവിടെ നിന്ദയ്ക്കും സ്തുതിക്കും കാരണമായിത്തീരുന്നതെന്നു കാണാം. ഓരോരുത്തർക്കും അവരുടേതായ ജന്മസംസ്കാരവും അതിൻറെതായ ഇഷ്ടാനിഷ്ടങ്ങളും ഉണ്ടെന്നിരിക്കെ സ്വന്തം താല്പര്യങ്ങൾക്ക് അനുസരിച്ച് ലോകത്തെ അനുസരിപ്പിക്കാം എന്ന ചിന്ത തന്നെ അവിവേകമാണ്. ചെയ്യാവുന്നത് ഒന്നേയുള്ളൂ. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഗ്രഹങ്ങളും ജീവജാലങ്ങളും ഓരോന്നും അവരുടേതായ രീതിയിൽ നിലകൊള്ളുന്നതുപോലെ തങ്ങളുടേതായ സ്ഥലകാലങ്ങൾക്ക് അനുസരിച്ചുള്ള സഞ്ചാരത്തിൽ തങ്ങളുടേതായ ഭാഗം ഭംഗിയായി നിർവഹിക്കുക. പരസ്പരം പഴിചാരാനോ ലോകത്തെ കുറിച്ച് അപരാധം പറയാനോ തുനിഞ്ഞ് സ്വയം കളങ്കപ്പെടുന്നത് അനർത്ഥമാണല്ലോ! സ്വന്തം സഞ്ചാരപഥത്തെ അറിയുക. അവിടെ തന്നെ ആശ്രയിച്ചും തനിക്കാശ്രയവും ആയി ഉണ്ടായിരിക്കുന്ന സകലതിനും വേണ്ടി എന്തു ചെയ്യാനാണോ സ്വന്തം നിയോഗം അത്രമാത്രം ചെയ്യുക. അതാണ് ഒരാളുടെ കർമ്മമാർഗ്ഗം. ജന്മാന്തരബന്ധമുണ്ട്. അതനുസരിച്ചുള്ള സ്ഥലകാലങ്ങളിൽ നാം ഓരോരുത്തരും പരസ്പരം ബന്ധപ്പെടുന്നു. കർമ്മബന്ധം അറ്റുപോകുന്നതിനനുസരിച്ച് ജീവിതസാഹചര്യങ്ങളും മാറിമറിയുന്നു. ഉള്ളിലുള്ള വികാരവിചാരങ്ങൾക്ക് അനുസരിച്ചാണല്ലോ പ്രവൃത്തി ഉണ്ടാകുന്നത്. പ്രവൃത്തി ഉണ്ടാകുന്നതിനനുസരിച്ചാണല്ലോ സ്ഥലകാലങ്ങൾ ഉണ്ടാകുന്നത്. നാം ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് സഞ്ചരിക്കുന്നത് ഏതൊന്നിലുള്ള ഇഷ്ടാനിഷ്ടങ്ങൾ കൊണ്ടാണോ അതാണ് നമുക്ക് അതിനോടുള്ള കർമ്മ ബന്ധം. ഇഷ്ടമാണെങ്കിൽ ഇഷ്ടത്തെയും വിദ്വേഷമാണെങ്കിൽ വിദ്വേഷത്തെയും പ്രകാശിപ്പിച്ചുകൊണ്ട് നാം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നു. ജീവിതം മുഴുവൻ ഇത്തരത്തിൽ നാം സൃഷ്ടിക്കുന്ന സ്ഥലകാലബന്ധമാണ്. ജന്മവും മരണവും പുനർജന്മവും ഇത്തരത്തിലുള്ള സ്ഥലകാലബന്ധം തന്നെയാണ്. ആഗ്രഹങ്ങൾ കുറയുന്നതിനനുസരിച്ച് സ്ഥലകാലങ്ങളുടെ സൃഷ്ടിയും കുറയുമല്ലോ? ഇത്തരത്തിൽ വിശകലനം ചെയ്യുകയാണെങ്കിൽ സ്വന്തം കർമ്മമണ്ഡലത്തിലെ സ്വന്തം പ്രയാണത്തിൻറെ ദിശ മനസ്സാലാക്കാവുന്നതാണ്. കർമ്മഗതിയ്ക്ക് അനുസരിച്ച് സ്വന്തം ഇഷ്ടാനിഷ്ടങ്ങളിലൂടെ നിരന്തരം വട്ടം ചുറ്റിക്കൊണ്ടിരിക്കുകയാണ് നാം ഓരോരുത്തരും എന്നർത്ഥം. ഇതിന് പുറത്തു കടക്കുവാനാണ് ഈശ്വരാനുഗ്രഹം വേണ്ടി വരുന്നത്. അതിനാൽ ലോകത്തെ നിന്ദിക്കുന്നതിനു പകരം ഈശ്വരനെ സ്തുതിക്കുകയാണ് സാർത്ഥകം. സ്വന്തം കർത്തവ്യങ്ങൾ പരാതികൾ കൂടാതെ അനുഷ്ഠിച്ച്, അപരനെ കുറിച്ച് അപരാധം ചിന്തിക്കുകയോ പറയുകയോ ചെയ്യാതെ ചെയ്യേണ്ടതെല്ലാം ഈശ്വരാർപ്പിതമായി ചെയ്യുക എന്നതിൽ കവിഞ്ഞ് മറ്റെന്താണ് ശ്രേസ്കരം.
ഓം