ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌ക്കാരം നേടി നിവിന്‍ പോളി. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോനിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. മികച്ച ചിത്രം, മികച്ച ബാലതാരം എന്നീ പുരസ്‌ക്കാരങ്ങളും ചിത്രം കരസ്ഥമാക്കി. മികച്ച നടിയും മലയാളിയാണ്. റണ്‍ കല്യാണി എന്നി ചിത്രത്തിലെ അഭിനയത്തിന് ഗാര്‍ഗി ആനന്ദത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌ക്കാരം ലഭിച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ എഡിഷനായാണ് 20-ാമത് ചലച്ചിത്രമേള നടന്നത്. വ്യത്യസ്ത ഇന്ത്യന്‍ ഭാഷകളിലെ 40 കഥാചിത്രങ്ങളും ഒപ്പം ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും മേളയുടെ ഭാഗമായി ഓണ്‍ലൈന്‍ ആയി പ്രദര്‍ശിക്കപ്പെട്ടു. ജൂലൈ 24-ന് ആരംഭിച്ച ചലച്ചിത്രോത്സവം ഇന്നലെയാണ് സമാപിച്ചത്. 2019 സെപ്റ്റംബറില്‍ ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ അന്തര്‍ദേശീയ പ്രീമിയറിനു ശേഷം തീയേറ്റര്‍ റിലീസ് നടന്ന ചിത്രം വലിയ നിരൂപകശ്രദ്ധ നേടിയിരുന്നു. നേരത്തെയും രാജ്യാന്തരമേളകളില്‍ തിളങ്ങാന്‍ ഗീതുമോഹന്‍ദാസിന്റെ മൂത്തോന് സാധിച്ചിരുന്നു. ഒരു മലയാളസിനിമയ്ക്ക് ഇങ്ങനെയൊരു അംഗീകാരം നേടാന്‍ സാധിച്ച സന്തോഷത്തിലാണ് അണിയറ പ്രവർത്തകർ .