സൗദി: തീപ്പിടുത്തത്തില്‍പ്പെട്ട് സൗദി ഫഹദ് രാജാവിന്റെ ഇളയ മകന് കൊല്ലപ്പെട്ടു. 44 കാരനായ അബ്ദുല്‍ അസീസ് രാജകുമാരനാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ അസ്വാഭാവിക മരണത്തിനു കീഴടങ്ങിയ രണ്ടാമത്തെ രാജകുടുംബാംഗമാണ് അസീസ്. കഴിഞ്ഞദിവസം മന്‍സൂര്‍ ബിന്‍ മുഖ്രിന് രാജകുമാരന് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തു നിന്ന് അഴിമതി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞദിവസം നടന്ന അറസ്റ്റില്പ്പെട്ടയാളാണ് അബ്ദുല്‍ അസീസ്. അദ്ദേഹത്തിന്റെ സെക്യൂരിറ്റി ഗാര്‍ഡുമായി പൊലീസ് നടത്തിയ വെടിവയ്പ്പിനിടെയാണ് തീപ്പിടുത്തമുണ്ടായി രാജകുമാരന് കൊല്ലപ്പെട്ടത്. മരണത്തെപ്പറ്റിയും മരണകാരണത്തെപ്പറ്റിയും വൈരുദ്ധ്യാത്മകമായ റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്.
അല്‍-മസ്ദാര്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പ് ആദ്യം അദ്ദേഹം മരണപ്പെട്ടു എന്നു വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് അത് തിരുത്തി ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദി ഡുറാന് വെബ്സൈറ്റ് വെടിവയ്പ്പിനെപ്പറ്റി പരാമര്‍ശിച്ചിട്ടില്ല. ‘അറസ്റ്റിനിടെ കൊല്ലപ്പെട്ടു’ എന്ന് മാത്രമാണ് അവര്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ശേഷം, അല്‍ ഇത്തിഹാദ് ന്യൂസ് സൗദി റോയല്‍ കോര്‍ട്ടിനെ ഉദ്ധരിച്ച് മരണം സ്ഥിരീകരിച്ചു.