രാജ്യാന്തരമാനമുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് എന്‍.ഐ.എയുടെ കേസ് ഡയറിലുള്ളതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഒരു മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ പ്രഭവകേന്ദ്രമാകുന്നത്.പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിനെ തുടക്കം മുതല്‍ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ചെയ്തത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയിലേക്ക് അന്വേഷണം എത്തുമ്പോഴും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്.എന്നാല്‍ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ വിളിച്ചില്ലെന്ന ന്യായവാദമാണ് സി.പി.എം നേതാക്കള്‍ ഉയര്‍ത്തുന്നത്. അടുത്തകാലത്ത് 200 കോടിയിലധികം രൂപയുടെ സ്വര്‍ണ്ണം കടത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ എങ്കില്‍ എന്തുകൊണ്ട് സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണിയായ സ്വപ്‌ന മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്വാധീനം ഉപയോഗപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസ് തുടക്കം മുതല്‍ ആരോപിച്ചത് പോലെ മുഖ്യമന്ത്രിയുടേയും അദ്ദേഹത്തിന്റെയും ഓഫീസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് ഓരോ ദിവസവും പുറത്ത് വരുന്ന കാര്യങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു.