കഴിഞ്ഞ കാലം നാം എങ്ങനെയായിരുന്നു ഏതൊരു വികാരതലത്തിലായിരുന്നു എന്ന കാഴ്ച ഇപ്പോള്‍ ഉണ്ടാകുന്നു എന്നല്ലാതെ, നിലവില്‍ നാം എവിടെയാണെന്നോ എന്താണെന്നോ ഉള്ള ശരിയായ കാഴ്ച നമുക്ക് ഉണ്ടാകുന്നില്ല!!! ഓരോ പ്രായത്തിലും നാം ചിന്തിക്കും ഇതാണ് ശരി, ഇന്നലെവരെ ഞാന്‍ ഒരു ഭ്രമലോകത്തില്‍ ആയിരുന്നു എന്ന്. അങ്ങനെ ജീവിതത്തിന്റെ തൊട്ടു മുമ്പത്തെ ഘട്ടത്തിലെ അനുഭവങ്ങളിലെ ശരിതെറ്റുകളെ തിരിച്ചറിഞ്ഞുകൊണ്ട് നാം അടുത്ത ഘട്ടത്തില്‍ എത്തുന്നു. എന്നാല്‍ അവിടെയും അജ്ഞരായിത്തന്നെ ജീവിക്കുന്നു. ഇങ്ങനെ ബാല്യം, കൗമാരം, യൗവനം, വാര്‍ദ്ധക്യം എന്നീ നാലവസ്ഥയിലൂടെ നാം കടന്നു പോകുന്നു. ബാല്യത്തെ നാം തിരിച്ചറിയുന്നത് കൗമാരത്തിലാണ്. കൗമാരത്തെ തിരിച്ചറിയുന്നത് യൗവനത്തിലും യൗവനത്തെ വാര്ദ്ധക്യത്തിലുമാണല്ലോ! ഇതാണ് മനുഷ്യന്റെ നിസഹായത! ഒരിക്കല്‍ പോലും കാലത്തിന്റെ മായാവലയത്തില്‍ നിന്ന് സ്വതന്ത്രനാകുന്നില്ല. ശരിയായ കാഴ്ച കിട്ടുന്നില്ല. സ്വയം എന്താണെന്ന തിരിച്ചറിവ് ഉണ്ടാകുന്നില്ല. നാം നമ്മെ കാണുന്നില്ല!
വാസനാപ്രേരിതരായ് കാലത്തിന്റെ ഗതിയില്‍ കര്‍മ്മബന്ധത്തില്‍ വലയുകയാണ്. നമുക്ക് ഇപ്പോള്‍ എത്ര വയസ്സ് ആയോ അത്രയും കാലം അപഹരിക്കപ്പെട്ടു കഴിഞ്ഞു. കാലമാകുന്ന സര്‍പ്പം അത്രയും ഭാഗം നമ്മെ ഗ്രഹിച്ചു കഴിഞ്ഞു എന്നര്‍ത്ഥം. ഈ സ്ഥലകാലങ്ങളില്‍ ഓരോരോ കര്‍മ്മബന്ധത്തില്‍ ബന്ധിതരായ് അങ്ങനെ നാം സ്വരൂപത്തെ അറിയാതെ പോകുന്നു. സ്ഥലകാലങ്ങളില്‍ ബന്ധിക്കപ്പെട്ട കര്മ്മബന്ധവും മോഹവും ഉള്ളിടത്തോളം മാത്രമേ നമുക്ക് മൃത്യുവുണ്ടാകുന്നുള്ളൂ. മോഹങ്ങള്‍ ഇല്ലെങ്കില്‍ സ്ഥലത്തിന്റെയോ ചലനത്തിന്റെയോ കാലത്തിന്റെയോ അപേക്ഷയും വരുന്നില്ലല്ലോ! അപ്പോള്‍ സ്വരൂപം ദൃശ്യമാകും.
ഉള്ളതറിയണമെങ്കില് സ്ഥലകാലങ്ങളില്‍ ബദ്ധമായ ജന്മ വാസനകളില്‍ നിന്ന് മുക്തമാകണം. ഇപ്പോള്‍ നാം ഓരോരോ വികാരാവേശങ്ങളാല് മായയില്‍ മോഹിതരായിരിക്കുകയാണെന്നതിനാല് ഉള്ളതറിയുന്നില്ല.
”കാലാദിയായ മൃദു നൂലാല്‍ നെയ്യുമൊരു മായാ വസ്ത്രം കൊണ്ട് മൂടിയിരിക്കുന്നതിനാല്‍ ആരും ഉള്ളതറിയുന്നില്ല” എന്ന് ശ്രീനാരായണഗുരു സ്വാമികള്‍ ജനനീനവരത്നമഞ്ജരിയില്‍ പറയുന്നു.
”കാലാദിയായ മൃദുനൂലാലെ നെയ്യുമൊരു
ലീലാപടം ഭവതി മെയ്-
മേലാകെ മൂടുമതിനാ, ലാരുമുള്ളതറി-
വീലാഗമാന്തനിലയേ.”
ഓം
–കൃഷ്ണകുമാർ കെ പി