ദുല്‍ഖര്‍ നായകനായെത്തുന്ന ‘കുറുപ്പ്’ എന്ന ചിത്രത്തിനെതിരെ കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യ ശാന്തയും മകനും നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ചാക്കോയെ നിഷ്‌ക്കരുണം കൊലപ്പെടുത്തിയ സുകുമാരകുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും, സിനിമ റിലീസ് ചെയ്യുന്നതിനു മുമ്പ് തങ്ങളെ കാണിക്കണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ കുടുംബം ദുല്‍ഖര്‍ സല്‍മാന് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേരള പോലീസിന്റെ അന്വേഷണ ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ കേസുകളില്‍ ഒന്നായിരുന്നു ചാക്കോ കൊലപാതകം. 1984-ല്‍ തന്നോട് രൂപസാദൃശ്യമുള്ള ചാക്കോയെ കൊലപ്പെടുത്തിയ സുകുമാരക്കുറുപ്പ് ശവശരീരം ആസൂത്രിതമായി ചുട്ടുകരിച്ചു. താനാണ് മരിച്ചതെന്ന് തെറ്റിദ്ധരിപ്പിച്ച് ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നു ഇന്‍ഷുറന്‍സ് തുകയായ എട്ട് ലക്ഷം തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. സംഭവത്തിനു ശേഷം സുകുമാരക്കുറുപ്പ് വിദേശത്തേക്ക് കടന്നു. കൊലപാതകത്തില്‍ പങ്കാളിയായ ഡ്രൈവര്‍ പൊന്നപ്പന്‍, ഭാര്യാസഹോദരന്‍ ഭാസ്‌കരന്‍ പിള്ള എന്നിവര്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടു. ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രമായ ‘സെക്കന്റ് ഷോ’ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രന്‍ ആണ് കുറിപ്പ് സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ളവരെ വിദേശത്തും, ഇന്ത്യയിലും പലയടങ്ങളിലായി കണ്ടുവെന്ന വാര്‍ത്തകള്‍ പരന്നതോടെ വീണ്ടും ചാക്കോ കേസ് പ്രാധാന്യം നേടിയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയെന്ന ലേബലില്‍ ഒരു കടങ്കഥയായി അവശേഷിക്കുകയാണ് സുകുമാരക്കുറുപ്പ്.