സച്ചിൻ പൈലറ്റ് കോൺഗ്രസ് ക്യാമ്പിൽ തിരിച്ചെത്തി .പതിനാലാം തിയതി നിയമസഭ ചേരാനിരിക്കെ തിരിച്ചു കയറിയില്ലെങ്കിൽ വിമതർക്ക് നിയമസഭാംഗത്വം നഷ്ടപ്പെടും ,സച്ചിനെ മുഖ്യമന്ത്രിയാക്കാൻ ബി ജെ പിയും തയ്യാറായില്ല എന്നി സാഹചര്യങ്ങളാണ് തിരിച്ചുവരവിന് കളമൊരുക്കിയത് .

വസുന്ധരയുടെ നിലപാട് .

മുൻമുഖ്യമന്ത്രി വസുന്ധര രാജെയുടെ നിലപാടും രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ നിലനിന്നുപോകാൻ സഹായിച്ചു .കോൺഗ്രസ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ വസുന്ധര തയ്യാറായില്ല ,സച്ചിന്റെ നീക്കത്തെ കോൺഗ്രെസ്സിനകത്തെ പ്രശ്നമായാണ് വസുന്ധര രാജെ കണ്ടത് .ഇതിൽ ബി ജെ പിക്ക് കാര്യമൊന്നുമില്ല എന്നതായിരുന്നു അവരുടെ നിലപാട് . എഴുപത്തിരണ്ട് അംഗ ബി ജെ പി സാമാജികരിൽ നാല്പത്തഞ്ചു പേരെങ്കിലും കടുത്ത വസുന്ധരാ പക്ഷക്കാരാണ് . ചുരുക്കത്തിൽ വസുന്ധരയുടെ നിലപാടും രാജസ്ഥാനിലെ ഗെഹ്‌ലോട്ട് സർക്കാരിനെ രക്ഷിച്ചതിൽ ഒരു ഘടകമാണ് .

പൊളിഞ്ഞ വിമത നീക്കം ,ഒടുവിൽ ക്ഷീണിതനായി മടക്കം .

രാഷ്ട്രീയമായി ക്ഷീണിതനായാണ് സച്ചിന്റെ തിരിച്ചു വരവ് .സച്ചിൻ രാഹുൽഗാന്ധിയെ കണ്ടു ചർച്ച നടത്തി . കോൺഗ്രസിൽ ഉറച്ചു നിൽക്കുമെന്ന് സച്ചിൻ രാഹുലിന് ഉറപ്പു നൽകി .സച്ചിന്റെ പരാതി പരിഹരിക്കാൻ മൂന്നംഗ സമിതിയെ നിയമിച്ചു .തൽക്കാലം സച്ചിന്റെ മുഖം രക്ഷിക്കാൻ അത് മതിയാകും .തന്റെ ആവശ്യങ്ങൾ കോൺഗ്രസ് അംഗീകരിച്ചു എന്ന് സച്ചിൻ പ്രതികരിച്ചു .തന്റെ കൂടെ നിൽക്കുന്നവരെ മാന്യമായി പരിഗണിക്കണം എന്നും സച്ചിൻ ആവശ്യപ്പെട്ടു . സച്ചിന്റെ തിരിച്ചുവരവിനെക്കുറിച്ച് സോണിയ ഗാന്ധി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനോടു സംസാരിച്ചു. അദ്ദേഹത്തിന്റെ കൂടെ സമ്മതത്തോടെയാണ് സച്ചിന്റെ മടക്കം.
കലാപ നീക്കത്തിൽ നിന്നും സച്ചിൻ പിൻവലിയുന്നതോടെ രാജസ്ഥാൻ ഭരണം നേരിട്ടിരുന്ന അട്ടിമറി ഭീഷണിയും നീങ്ങി .