ഇടതു സർക്കാർ വളരെയധികം പ്രതീക്ഷ വച്ചുപുലർത്തിയിരുന്ന ഒരു പദ്ധതിയാണ് ലൈഫ് പദ്ധതി .ഇപ്പോൾ പുറത്തു വന്നിരിക്കുന്ന രേഖകൾ അനുസരിച്ച് അതിൽ കാര്യമായ അട്ടിമറികൾ നടന്നിരിക്കുന്നു എന്നതാണ് തെളിയുന്നത് .യൂണിടാക്കിനു കരാർ നൽകിയത് മാർഗ്ഗരേഖകൾ പാലിക്കാതെ എന്നത് വ്യക്തമായിരിക്കുന്നു .സർക്കാർ അംഗീകൃത ഏജൻസികൾക്കു മാത്രമേ കരാർ നൽകാനാവൂ എന്ന മാർഗ്ഗരേഖയാണ് പാലിക്കാത്തത്.ഇത് വ്യക്തമായ അട്ടിമറിയായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു .ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് ഇത് സംബന്ധിച്ച വിവാദ തീരുമാനം കൈക്കൊണ്ടത് .യോഗത്തിന്റെ മിനിട്സ് പുറത്തായത് സർക്കാരിന് ക്ഷീണമായി .സർക്കാർ നേരിട്ട് നടത്തിയാൽ മാത്രം നിബന്ധനനകൾ ബാധകമെന്നാണ് ഇക്കാര്യത്തിൽ ലൈഫ് മിഷന്റെ വാദം .സ്വന്തമായി വീടില്ലാത്ത പാവങ്ങൾക്ക് വീടുകൾ വച്ച് കൊടുക്കുന്ന ലൈഫ് പദ്ധതിയെ അഭിമാന പദ്ധതിയായി എന്നും ചിത്രീകരിച്ചിരുന്ന ഇടതുമുന്നണിക്ക് തുടർച്ചയായി അതെ പദ്ധതിയുടെ പേരിൽ ഉയർന്നു വരുന്ന അഴിമതി വാർത്തകൾ മാനക്കേടാകുന്നു .ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ് എന്നത് ഇടതു മുന്നണിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു .ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടു സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് ഒരുകോടി രൂപയിലേറെ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ടു കമ്മീഷൻ കൈപ്പറ്റി എന്നത് പോലും പ്രതിരോധിക്കാനാകാതെ കഷ്ടപ്പെടുന്ന സമയത്താണ് പുതിയ പ്രശ്നങ്ങൾ തലപൊക്കുന്നത്.