തന്റെ മികച്ച സൃഷ്ടികള്‍കൊണ്ട് മലയാളി മനസ്സില്‍ കാവ്യവസന്തം വിരിയിച്ച മഹാകവി വയലാര്‍ രാമവര്‍മ്മയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നു. കവിതകളിലൂടെയും, നാടക ഗാനങ്ങളിലൂടെയും, ഒട്ടേറെ സിനിമാഗാനങ്ങളിലൂടെയും മൂന്നരപ്പതിറ്റാണ്ടോളം അക്ഷരസൂര്യനായി ജ്വലിച്ചു നിന്ന വയലാറിന്റെ ജീവതകഥ ബയോപിക്കിന്റെ പുതിയ ശൈലിയിലൂടെ അവതരിപ്പിക്കുന്നത് സംവിധായകന്‍ പ്രമോദ് പയ്യന്നൂരാണ്. മലയാള സിനിമയുടെ സുവര്‍ണ്ണകാലം, പുന്നപ്ര വയലാര്‍ സമരം എന്നിങ്ങനെ വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. ലൈന്‍ ഓഫ് കളേഴ്‌സിന്റെ ബാനറില്‍ അരുണ്‍ എം.സി.യും സലില്‍ രാജും ചേര്‍ന്നു നിര്‍മ്മിക്കുന്ന സിനിമയില്‍ സ്‌ക്രീനിലും അണിയറയിലും നിരവധി പ്രതിഭകള്‍ അണിനിരക്കുന്നു. സേതു അടൂരാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. രതീഷ് സുകുമാരനും, കെ ബിനുകുമാറുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്. അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എഴുത്തിലൂടെ ഏറ്റവും സാധാരണക്കാരായ ജനങ്ങളുടെ പോലും മനസ്സില്‍ ഇടം നേടി കാലാതീതമായി ജീവിക്കുക എന്നത് അപൂര്‍വമാണ്. അദ്ദേഹത്തിന്റെ കാവ്യസൃഷ്ടികളിലൂടെ ഇന്നും ജനഹൃദയങ്ങളില്‍ മഹാകവി വയലാര്‍ ജീവിക്കുന്നു. തങ്ങളുടെ പ്രിയകവിയുടെ ജീവിതചിത്രം വെള്ളിത്തിരയിലൂടെ കാണാന്‍ പുതിയതലമുറയ്ക്ക് അവസരമൊരുങ്ങുകയാണ്.
