കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ കഴിയുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്മാറി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചാണ് തോമസ് ചാണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. കേസ് ഇനി മറ്റൊരു ബെഞ്ചാകും പരിഗണിക്കുക.
മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനി മാര്‍ത്താണ്ഡം കായല്‍ കൈയേറിയ കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ കേസില്‍ ഇടക്കാല വിധി പറഞ്ഞ ഹൈക്കോടതി ബെഞ്ച് കമ്പനി, കായല്‍ കൈയേറ്റം നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന നവനിതി പ്രസാദ് സിംഗ് വിരമിച്ചതിനെ തുടര്‍ന്ന് ഇന്നലെയാണ് കേരളാ ഹൈക്കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ ആന്റണി ഡൊമനിക് ആക്ടിംഗ് ചീഫ് ജസ്റ്റിസിന്റെ ചുമതലയേറ്റത്.
കായല്‍ കൈയേറിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കിയതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സ്റ്റോപ് മെമ്മോയിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. കായല്‍ കൈയേറുന്നതിന്റെ ഭാഗമായി, ഇവിടെ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.
നേരത്തെ ഈ കേസ് പരിഗണിക്കുമ്പോള്‍, മാര്‍ത്താണ്ഡം കായല്‍ കൈയേറി നികത്തിയതിനെതിരേ റവന്യു അധികൃതര്‍ സ്റ്റോപ് മെമ്മോനല്കിയിട്ടുണ്ടെങ്കില് അതിന്റെ രേഖകള്‍ മൂന്നുദിവസത്തിനകം ഹാജരാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് റവന്യൂ അധികൃതര്‍ നേരത്തെ നല്കിയ സ്റ്റോപ് മെമ്മോയുടെ രേഖകള്‍ സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഈ രേഖകള്‍ പരിശോധിച്ചാണ് കോടതി സ്റ്റോപ് മെമ്മോയിലെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും കായല്‍ കൈയേറരുതെന്നും ഉത്തരവിട്ടത്.
കേസ് പിന്നീട് വിശദമായി പരിശോധിക്കാമെന്നും ഇടക്കാല ഉത്തരവ് നല്‍കിക്കൊണ്ട് ഹൈക്കോടതി അറിയിച്ചിരുന്നു. ഈ കേസ് പരിഗണിക്കുന്നതിനല് നിന്നാണ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് പിന്മാറിയത്.