സംസ്ഥാന മന്ത്രിസഭക്കെതിരെ പ്രതിപക്ഷം അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിക്കാനായെങ്കിലും ജനങ്ങളുടെ വിശ്വാസം സമ്പൂർണമായി നഷ്ടപ്പെട്ട അവസ്ഥയിലാണ് പിണറായി മന്ത്രിസഭ. ഇത്രമാത്രം വിശ്വാസ്യത നഷ്ടപ്പെട്ട ഇതുപോലൊരു മന്ത്രിസഭ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുടെ കാർമികത്വത്തിൻ കീഴിൽ രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി ഉയർത്തുന്ന സ്വർണ്ണകള്ളക്കടത്ത് സംഘം നടത്തിയ സ്വൈരവിഹാരത്തിൻ്റെ ഉത്തരവാദിത്വത്തിൽ നിന്നും ഒരു നിലയ്ക്കും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. ധാർമികവും രാഷ്ട്രീയവും നിയമപരവുമായ കാരണങ്ങളാൽ അധികാരത്തിൽ തുടരാനുള്ള അർഹത പിണറായിക്ക് തീർത്തും നഷ്ടപ്പെട്ടു എന്നത് അനിഷേധ്യമായ ഒരു വസ്തുതയാണ്.
അധികാര ഇടനാഴിയിൽ സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെന്ന അടിസ്ഥാനത്തിൽ ജാമ്യം നിഷേധിക്കപ്പെട്ടു എന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയുള്ള ആരോപണങ്ങളെ കൂടുതൽ സാധൂകരിക്കുന്നതാണ്.
എൻ ഐ എ, കസ്റ്റംസ്, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടങ്ങിയ ഏജൻസികളുടെ ഒരുപോലെയുള്ള നിരീക്ഷണ വലയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടറിയേറ്റും വന്നുപെട്ട ഇതുപോലെ ലജ്ജാവഹമായ ഒരു സ്ഥിതിവിശേഷത്തിന് ജനങ്ങൾ സാക്ഷിയാകുന്നതും ഇതാദ്യമാണ്. ഇക്കാര്യത്തിൽ സിബിഐ അന്വേഷണവും അനിവാര്യമാണെന്ന് ഏവർക്കും ബോധ്യപ്പെടുന്ന സാഹചര്യമാണ് സംജാതമായിട്ടുള്ളത്.
സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും താൽപര്യത്തിന് തികച്ചും വിരുദ്ധമായി തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പിനുള്ള ലേല നടപടികളുടെ ലീഗൽ കൺസൾട്ടൻ്റായി അദാനിയുടെ മരുമകൾക്ക് പങ്കാളിത്തമുള്ള സ്ഥാപനത്തെ ചുമതലപ്പെടുത്തിയത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ്. പരസ്യമായി അദാനിക്കെതിരായ നിലപാട് സ്വീകരിക്കുകയും എന്നാൽ സർക്കാർ കാര്യങ്ങളെല്ലാം അദാനിക്ക് അറിയാൻ കഴിയുന്ന സാഹചര്യം മനപൂർവ്വം ഒരുക്കുകയും ചെയ്യുന്ന അങ്ങേയറ്റത്തെ കാപട്യമാണ് സർക്കാരിൻ്റെ ഭാഗത്തുനിന്നും ഉണ്ടായത്.
അഡ്വക്കേറ്റ് ജനറൽ ഉൾപ്പെടെ സർക്കാർ അഭിഭാഷകരുടെ വലിയ നിര തന്നെ ഉണ്ടായിട്ടും അവരെയൊക്കെ പാടെ തള്ളിക്കളഞ്ഞുകൊണ്ട് സർക്കാർ അദാനിയുടെ മരുമകൾക്ക് പങ്കാളിത്തമുള്ള ഈ ലീഗൽ കൺസൾട്ടൻസിയെ തന്നെ ഏർപ്പെടുത്തിയത് സർക്കാരിൻറെ തനിനിറം വ്യക്തമാക്കിയിരിക്കുകയാണ്. ഈ സർക്കാരിനെ ആർക്കും വിശ്വസിക്കാൻ കഴിയില്ലെന്ന ബോധ്യമാണ് ഇതിലൂടെ ജനങ്ങൾക്കു ഉണ്ടായിട്ടുള്ളത്. ഇതുപോലൊരു നാണംകെട്ട അവസ്ഥയിലേക്ക് സംസ്ഥാന സർക്കാരിനെ എത്തിച്ചിട്ടും അതിലൊക്കെ ന്യായീകരണം കണ്ടെത്താൻ വിഫലശ്രമം നടത്തി പരിഹാസ്യരാകുന്ന മുഖ്യമന്ത്രിയും കൂട്ടരും ജനരോഷത്തിൻ്റെ പാരമ്യത്തിലാണ് എത്തിയിട്ടുള്ളത്.
വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുടെ നിർമ്മാണ കരാർ ലഭിക്കാൻ 4.25 കോടി രൂപ കമ്മീഷൻ നൽകേണ്ടതായി വന്നതായ കരാർ കമ്പനി പ്രതിനിധികളുടെ വെളിപ്പെടുത്തലും ഇത് സംബന്ധിച്ച രേഖകളൊന്നും പുറത്തു വിടാത്തതും അതിലെ കള്ളക്കളികൾ വ്യക്തമാക്കുന്നതാണ്. കമ്മീഷൻ തുക ഇനിയും ഏറുമെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. ഇതേക്കുറിച്ചും സിബിഐ അന്വേഷണം നടത്തണം.
കേന്ദ്ര അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചതിന് മന്ത്രി കെ.ടി.ജലീലും അന്വേഷണ വിധേയനായിരിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ചുള്ള നിരവധി പരാതികളിന്മേലാണ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിട്ടുള്ളത്. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, എൻ ഐ എ എന്നീ ഏജൻസികളാണ് അന്വേഷിക്കുന്നത്. ഏത് അന്വേഷണവും നേരിടാം എന്ന് ഇപ്പോൾ വീരസ്യം പറയുന്ന മന്ത്രി ജലീൽ സ്ഥാനമൊഴിഞ്ഞ് അന്വേഷണത്തെ നേരിടുകയാണ് രാഷ്ട്രീയ ധാർമികതയും മര്യാദയും. മലയാളം സർവകലാശാലയുടെ സ്ഥലമെടുപ്പിൻ്റെ കാര്യത്തിലും ആരോപണങ്ങളുടെ കുന്തമുന തിരിയുന്നത് ജലീലിന് നേരെ തന്നെയാണ്.
സർക്കാരിൻ്റെ നിയമവിരുദ്ധവും അധാർമികവുമായ തെറ്റായ നടപടികളെ പുറത്തുകൊണ്ടുവരികയും വിമർശിക്കുകയും ചെയ്യുന്ന മാധ്യമങ്ങൾക്കും രാഷ്ട്രീയ പ്രവർത്തകർക്കുമെതിരേ കടന്നാക്രമണം നടത്തുന്ന ‘സർക്കാർ വക്താക്കളുടെ’ ജനാധിപത്യവിരുദ്ധ ശൈലിയും സർക്കാർ വിരുദ്ധ വികാരം ആളിക്കത്തുന്ന അവസ്ഥയിലെത്തിച്ചിരിക്കയാണ്.
ന്യായ വാദങ്ങൾ പറഞ്ഞ് ഇനിയും പിടിച്ചു നിൽക്കാൻ പാഴ്ശ്രമങ്ങൾ നടത്താതെ അധികാരം ഒഴിയാൻ എത്രയും നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകുന്നുവോ അത്രയും നന്ന്.