തിരുവനന്തപുരം: സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കോൺഗ്രസ് കൊണ്ട് വന്നപ്പോൾ നിയമസഭയിൽ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനായത് മറ്റാരുമല്ല കെ മുരളീധരൻ എം പി തന്നെ .അദ്ദേഹം നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ തന്റെ പ്രസംഗത്തിലുടനീളം പരിഹാസം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ പൊരിച്ചേനെ . നേതാക്കളിൽ മുഖ്യമന്ത്രി പിണറയി വിജയനെ പേടിയില്ലാതെ വിമർശിക്കാനും പരിഹസിക്കാനും ധൈര്യമുള്ള നേതാക്കൾ കുറച്ചേയുള്ളു .വി ഡി സതീശൻ ,കെ എം ഷാജി ,ഷാഫി പറമ്പിൽ ,പി ടി തോമസ് എന്നീ നേതാക്കൾക്കൊപ്പം കെ മുരളീധരനും കൂടി നിയമസഭയിൽ ഉണ്ടായിരുന്നു എങ്കിൽ കുറെ കൂടി പ്രതിപക്ഷത്തിന്റെ ആക്രമണത്തിന് മൂർച്ചകൂടിയേനെ .
നിയമസഭയിൽ വട്ടിയൂർക്കാവിനെ പ്രതിനിധീകരിച്ചിരുന്ന കെ മുരളീധരൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ വടകരയിൽ നിന്നും ജനവിധി തേടി . വിജയിച്ച് അദ്ദേഹം എം പി ആയപ്പോൾ കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് നഷ്ടമായത് കരുത്തനായൊരു സംസ്ഥാന നേതാവിനെയാണ് .
ഏതായാലും ദേശീയ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് തൽക്കാലം കാര്യമായ റോളൊന്നും നിർവ്വഹിക്കാനില്ല.എം പി എന്ന നിലയിലെ പ്രവർത്തനവും അത്രകണ്ട് ശോഭനമല്ല .ശശി തരൂരിനെയും എൻ കെ പ്രേമചന്ദ്രനെയും പോലെ സഭ നടപടികളിൽ ഇടപെടാനോ ചർച്ചകളിൽ പങ്കെടുക്കാനോ മുരളിക്ക് കഴിയുന്നുമില്ല . കേന്ദ്രത്തിൽ ഒരു കോൺഗ്രസ് സർക്കാരുണ്ടാകും എന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയിൽ അദ്ദേഹത്തിന് തോന്നിയിരിക്കണം .മുൻപ് മൂന്നുവട്ടം കോഴിക്കോടിനെ ലോക്‌സഭയിൽ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട് .കൂടാതെ മുൻ കെ പി സി സി അധ്യക്ഷനുമായിരുന്നു.ഉറപ്പായും കേന്ദ്രമന്ത്രിയാകാം എന്ന് ചിന്തിച്ചിരിക്കാം .ഇതൊക്കെയായിരിക്കാം വട്ടിയൂർക്കാവിൽ നിന്നും അദ്ദേഹത്തെ വാടകരയിലേക്കെത്തിച്ചത് .പക്ഷെ സംസ്ഥാനം വിട്ട് കേന്ദ്രത്തിലേക്ക് കെ മുരളീധരൻ പോയത് സംസ്ഥാന കോൺഗ്രസ്സിനും അതിലുപരി മുരളിക്കും നഷ്ടം തന്നെയാണ് .ലോക്‌സഭയിൽ വെറും അമ്പത്തിരണ്ട് സീറ്റു മാത്രമുള്ള കോൺഗ്രസിന്റെ മോശം അവസ്ഥയിൽ ഇനി സംസ്ഥാനത്തിലേക്കു തിരിച്ചു വരാനും അദ്ദേഹത്തിനാകില്ല .
വടകരയിൽ സ്ഥാനാർത്ഥിയാകാൻ കോൺഗ്രസ് നേതൃത്വം അദ്ദേഹത്തോട് നിർദ്ദേശിച്ചു എന്നാണ് മുരളിയോടടുപ്പമുള്ളവർ പറയുന്നത് .പക്ഷെ സത്യത്തിൽ കോൺഗ്രസ് നേതൃത്വം വി എം സുധീരനെയാണ് വടകരയിൽ ആഗ്രഹിച്ചിരുന്നത് .ഇനി അങ്ങനെയല്ല എങ്കിൽ തന്നെ മുരളിയുടെ ഭാഗത്തു നിന്നും യാതൊരു എതിർപ്പും വട്ടിയൂർക്കാവ് വിടുന്ന കാര്യത്തിൽ ഉണ്ടായില്ല എന്നതാണ് കാര്യം .വട്ടിയൂർക്കാവ് പോലൊരു പ്രശ്ന സീറ്റ്,അതായത് കോൺഗ്രസിന് ഉറപ്പായും ജയിക്കാം എന്ന സീറ്റ് ഒന്നുമല്ല വട്ടിയൂർക്കാവ് . നല്ല രീതിയിൽ മണ്ഡലത്തിൽ പണിയെടുത്തത് കൊണ്ടാണ് രണ്ടാം വട്ടവും മുരളിക്ക് ജയിക്കാനായത് .കെ മുരളീധരൻ മാത്രമല്ല മറ്റു കോൺഗ്രസ് സംസ്ഥാന നേതാക്കന്മാരാരും തന്നെ വട്ടിയൂർക്കാവിൽ ഒരു ഉപതിരഞ്ഞെടുപ്പ് വന്നാലുള്ള അപകടത്തെക്കുറിച്ചു ചിന്തിച്ചതേയില്ല .അതിനു വലിയ വിലയും കൊടുക്കേണ്ടി വന്നു കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ വട്ടിയൂർക്കാവിൽ സി പി എം സ്ഥാനാർഥി വി കെ പ്രശാന്ത് വിജയിച്ചു കയറി .